ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ തടവുകാരനായ ഗുണ്ടയുടെ പിറന്നാൾ ആഘോഷിച്ചു
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ തടവുകാരനായ ഗുണ്ടയുടെ പിറന്നാൾ ആഘോഷിച്ചു. കുപ്രസിദ്ധ ഗുണ്ട ഗുബ്ബാച്ചി സീന എന്ന ശ്രീനിവാസയാണ് ജയിലിൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചത്. ആറാം ബാരക്കിലെ നാലാം നമ്പര്‍ മുറിയിൽ ഓഗസ്റ്റ് 2,3 തീയതികളിൽ നടന്ന ആഘോഷത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
കൊലക്കേസിൽ വിചാരണത്തടവുകാരനായി ജയിലിൽ കഴിയുകയാണ് ശ്രീനിവാസ. അനുയായികൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോ വൈറലായതോടെ അന്വേഷണത്തിന് ജയിൽ എഡിജിപി ബി.ദയാനന്ദ ഉത്തരവിട്ടു. സംഭവത്തിൽ ഉത്തരവാദികളായ ജയിൽ ജീവനക്കാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. നേരത്തെ കന്നഡ സൂപ്പർ താരം ദർശന് അനധികൃതമായി സൗകര്യം ഒരുക്കിയതിന്റെ പേരിൽ വിവാദത്തിലായതും പരപ്പന അഗ്രഹാര ജയിലാണ്.



