ഗൊരഖ്പുര്‍: നാലുവരി പാതയായി വീതി കൂട്ടാന്‍ ഗൊരഖ്പുര്‍ ക്ഷേത്രത്തിന്റെ മതില്‍ പൊളിക്കാന്‍ അനുമതി നല്‍കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. റോഡുമായി അതിര്‍ത്തി പങ്കിടുന്ന ഗൊരഖ്‌നാഥ് ക്ഷേത്രത്തിന്റെ മതിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പൊളിച്ചു നീക്കിയത്. സമീപത്തെ 38 വ്യാപാര സ്ഥാപനങ്ങളും പൊളിച്ചു നീക്കി. വെള്ളിയാഴ്ചയാണ് ക്ഷേത്രമതില്‍ പൊളിച്ചത്. 
ഗൊരഖ്‌നാഥ് ക്ഷേത്രം, ധരംശാല, മൊഹ്ദിപുര്‍, കുദാഘട്ട്, നന്ദനാഗര്‍ തുടങ്ങിയ പട്ടണങ്ങളെ വിമാനത്താവളവുമായി ബന്ധിപ്പിക്കാനാണ് റോഡ് നാല് വരിപ്പാതയാക്കുന്നത്. 

ക്ഷേത്രത്തിന് സമീപം ഗതാഗതക്കുരുക്ക് പതിവാകുന്നതോടെയാണ് വീതി കൂട്ടാന്‍ തീരുമാനിച്ചത്. ക്ഷേത്ര മതില്‍ പ്രശ്‌നം പരിഹരിച്ചതോടെ പദ്ധതി ഉടന്‍ പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ അറിയിച്ചു. 2021ഓടെ പാത നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ദേശീയ ഹൈവേ അതോറിറ്റി അധികൃതര്‍ പറഞ്ഞു. 30 ശതമാനം നിര്‍മ്മാണവും പൂര്‍ത്തിയായി. ക്ഷേത്ര മതില്‍ 17 കിലോമീറ്റര്‍ റോഡ് നിര്‍മ്മാണമായിരുന്നു തടസ്സപ്പെടുത്തിയത്. ക്ഷേത്രമതില്‍ കാരണം റോഡ് നിര്‍മ്മാണം തടസ്സപ്പെട്ടതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടത്. ഗൊരഖ്‌നാഥ് ക്ഷേത്രത്തിലെ അധിപനായിരുന്ന യോഗി ആദിത്യനാഥ് 2017ലാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകുന്നത്.