Asianet News MalayalamAsianet News Malayalam

ട്രെയിനിന് മുന്നിൽ ചാടിമരിച്ച യുവാവിന്റെ ഫോണിൽ രഹസ്യ കോഡ്; തലപുകച്ച് പൊലീസ് കണ്ടെത്തിയത് മറ്റൊരു കേസിലെ തുമ്പ്

വൈഭവിന്റെ മരണ ശേഷം ഫോണ്‍ കണ്ടെത്തിയ പൊലീസ് അത് പരിശോധിച്ചപ്പോഴാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. എന്നാൽ വളരെ പ്രധാനപ്പെട്ട ഒരു കോഡും അതിലുണ്ടായിരുന്നു.

got a code with letter and few number from the mobile phone message and it lead to hind of another crime afe
Author
First Published Jan 18, 2024, 10:23 AM IST

മുംബൈ: ട്രെയിനിന് മുന്നിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ ആത്മഹത്യാ കുറിപ്പിൽ നിന്ന് കിട്ടിയ രഹസ്യ കോഡ് പൊലീസിനെ എത്തിച്ചത് മറ്റൊരു കേസിന്റെ വഴിത്തിരിവിലേക്ക്. നവി മുംബൈയിലാണ് സംഭവം. യുവാവിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയ പൊലീസുകാര്‍ക്ക് അതിലുണ്ടായിരുന്ന  ആത്മഹത്യാ കുറിപ്പും കിട്ടിയിരുന്നു. താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് വിശദമാക്കിയിരുന്ന കുറിപ്പിൽ മരിക്കുന്നതിന് മുമ്പ് ഒരു യുവതിയെ കൊന്നിട്ടുണ്ടെന്ന പരാമര്‍ശവും ഉണ്ടായിരുന്നു.

മുംബൈയിലെ ജുയിനഗര്‍ റെയിൽവെ സ്റ്റേഷന് സമീപം ഡിസംബര്‍ 13നാണ് ട്രെയിന്‍ തട്ടി മരിച്ച നിലയിൽ വൈഭവ് എന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഏതാനും അക്ഷരങ്ങളും അക്കങ്ങളും അടങ്ങിയ കോഡാണ് ഇയാളുടെ ഫോണിലെ ആത്മഹത്യാ കുറിപ്പിൽ മറ്റ് വിവരങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നത്. ഇത് എന്താണെന്ന് കണ്ടെത്താന്‍ ആദ്യ ഘട്ടത്തിൽ പൊലീസിനായില്ല.  ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിൽ ഇത് വനം വകുപ്പ് മരങ്ങള്‍ക്ക് നൽകുന്ന നമ്പറാണെന്ന് പൊലീസ് കണ്ടെത്തി. വിശദമായ അന്വേഷണം നടത്തിയപ്പോൾ യുവാവ് ഡിസംബര്‍ 12ന് ഖര്‍ഗാര്‍ ഹില്‍ ഏരിയയിലെ വനമേഖലയില്‍ ഉണ്ടായിരുന്നു എന്ന് വ്യക്തമായി. ഇയാളുടെ കാമുകിയായിരുന്ന 19 വയസുകാരിയും അന്ന് കൂടെയുണ്ടായിരുന്നു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ  അന്വേഷണം ഈ യുവതിയെ ചുറ്റിപ്പറ്റിയായി.

ഡിസംബര്‍ 12ന് സിയോണിലെ കോളിലേക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ യുവതി പിന്നീട് തിരികെ എത്തിയില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. യുവതിയുടെ ബന്ധുക്കള്‍ കലംമ്പോലി പൊലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച പരാതിയും നല്‍കിയിരുന്നു. ഇതോടെ യുവാവ് ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് കാമുകിയെ കൊലപ്പെടുത്തിയിരിക്കാം എന്ന സംശയം ബലപ്പെട്ടു. നവി മുംബൈ പൊലീസ് കമ്മീഷണര്‍ മിലിന്ദ് ഭരംബെ പ്രത്യേക ടാസ്ക് ഫോഴ്സിന് രൂപം നല്‍കയാണ് കേസ് അന്വേഷിച്ചത്. 

യുവതിയെ കാണാനില്ലെന്ന വിവരവും വനത്തിലെ മരത്തിന്റെ നമ്പറും കൂട്ടിവായിച്ച പൊലീസ് സംഘം വനമേഖലയില്‍ വ്യാപക തെരച്ചിൽ നടത്തി. വനം വകുപ്പിന്റെയും ഫയര്‍ ഫോഴ്സിന്റെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായത്തോടെയായിരുന്നു തെരച്ചിൽ. ഡ്രോണുകളും ഉപയോഗിച്ചു. ഒടുവില്‍ മരങ്ങള്‍ക്കിടയിൽ നിന്ന് മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. കോളേജിലേക്ക് പോകുമ്പോൾ ധരിച്ചിരുന്ന വസ്ത്രത്തിൽ നിന്നുതന്നെ യുവതിയെ തിരിച്ചറിഞ്ഞു. വാച്ചും കോളേജ് ഐഡി കാര്‍ഡും അടുത്ത് തന്നെയുണ്ടായിരുന്നു.

യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം വൈഭവ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് നിഗമനം. നേരത്തെ അടുപ്പത്തിലായിരുന്നെങ്കിലും യുവതി തന്നിൽ നിന്ന് അകന്നതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios