ഈ വിവാഹം വേണ്ടെന്ന് പറഞ്ഞ് വധു വേദി വിട്ടതോടെ വരന്‍റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും

ബെംഗളൂരു: ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ ആയിരത്തിലധികം പേർ കല്യാണം കൂടാൻ എത്തിയിരുന്നു. വിവാഹ ചടങ്ങുകൾ ആരംഭിച്ചു. വരൻ താലി കെട്ടാൻ ഒരുങ്ങി. എന്നാൽ താലി കെട്ടുന്നതിന് തൊട്ടുമുമ്പ് ഈ വിവാഹം വേണ്ടെന്ന് വധു പറഞ്ഞതോടെ കല്യാണം മുടങ്ങി. താലി കെട്ടുന്നതിന് ഏതാനും നിമിഷങ്ങൾക്ക് മുമ്പ് കാമുകന്റെ വിളി വന്നതോടെയാണ് വധു വിവാഹം വേണ്ടെന്ന് പറഞ്ഞത്. ഇതോടെ വരന്‍റെയും വധുവിന്‍റെയും ബന്ധുക്കൾ തമ്മിൽത്തല്ലി. 

ഒരു തീരുമാനം എടുക്കാനുള്ള സമയം വളരെ കുറവായിരുന്നെങ്കിലും ഈ വിവാഹം വേണ്ടെന്ന് യുവതി തറപ്പിച്ചു പറഞ്ഞു. യുവതിയുടെ മാതാപിതാക്കളും ബന്ധുക്കളും മനസ്സ് മാറ്റാൻ ശ്രമിച്ചു. ശകാരിച്ചും ഭീഷണിപ്പെടുത്തിയും വിവാഹം നടത്താൻ ശ്രമിച്ചു. വരനും സംസാരിച്ചു. എന്നാൽ ആരുടെയും വാക്കുകൾ കേൾക്കാതെ വധു വിവാഹ വേദിയിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. 

ഹാസൻ താലൂക്കിലെ ബൂവനഹള്ളിയിൽ ആദിപുഞ്ചനഗിരി കല്യാണ മണ്ഡപത്തിലാണ് സംഭവം നടന്നത്. അധ്യാപകനാണ് വരൻ. ആദ്യം കാരണം പറയാതെ വിവാഹം വേണ്ടെന്ന് പറയുകയായിരുന്നു വധു. എന്താണ് കാരണമെന്ന് വരൻ ആവർത്തിച്ചു ചോദിച്ചപ്പോഴാണ് തനിക്ക് മറ്റൊരാളെ ഇഷ്ടമാണെന്ന് പറഞ്ഞത്. 

വിവാഹ വേദിയിൽ നിന്ന് ഇറങ്ങിപ്പോയ വധു നേരെ കാറിൽ കയറി സ്ഥലം വിട്ടു. ഇതോടെ ഇരുവരുടെയും ബന്ധുക്കൾ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും നടന്നു. ബഡാവണെ, നഗര പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാർ എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം