ഭർത്താവിന് കടം കൊടുത്തിരുന്നവർ നിരന്തരം ശല്യം ചെയ്യുന്നുവെന്നും യുവതി ആത്മഹത്യാ കുറിപ്പിൽ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 13 പേർക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസ് രജിസ്റ്റർ ചെയ്തു. ഇവരിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബംഗളുരു: ക്രിക്കറ്റ് ഗെയിമിങ് ആപ്പിലൂടെ കോടിക്കണക്കിന് രൂപയുടെ കട ബാധ്യതയുണ്ടായതിന് പിന്നാലെ സർക്കാർ ഉദ്യോഗസ്ഥന്റെ ഭാര്യ ആത്മഹത്യ ചെയ്തു. ഭർത്താവിന് കടം കൊടുത്തവരിൽ നിന്നുള്ള ശല്യം സഹിക്കാനാവാതെയാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ഇവർ എഴുതിവെച്ച കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. കർണാടകയിലെ ചിത്രദുർഗയിൽ സംസ്ഥാന മൈനർ ഇറിഗേഷൻ വകുപ്പിൽ അസിസ്റ്റന്റ് എഞ്ചിനീയറായി ജോലി ചെയ്യുന്ന ദർശൻ ബാലുവിന്റെ ഭാര്യ വി രഞ്ജിത (24) ആണ് ആത്മഹത്യ ചെയ്തത്.
ഏതാനും ദിവസം മുമ്പ് വീട്ടിലെ കിടപ്പുമുറയിൽ മരിച്ച നിലയിലാണ് രഞ്ജിതയെ കണ്ടെത്തിയത്. തുടർന്ന് രഞ്ജിതയുടെ പിതാവ് വെങ്കിടേഷ് പൊലീസിൽ പരാതി നൽകി. യുവതിയുടെ ഭർത്താവിന് ഓൺലൈൻ ക്രിക്കറ്റ് വാതുവെപ്പിലൂടെ ഒന്നര കോടിയോളം രൂപ നഷ്ടമായെന്നും ഇതിന് പിന്നാലെ ഭർത്താവിന് കടം കൊടുത്തിരുന്നവർ നിരന്തരം ശല്യം ചെയ്യുന്നുവെന്നും യുവതി ആത്മഹത്യാ കുറിപ്പിൽ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 13 പേർക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസ് രജിസ്റ്റർ ചെയ്തു. ഇവരിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദർശന് ഒന്നര കോടിയോളം രൂപ ക്രിക്കറ്റ് വാതുവെപ്പ് പ്ലാറ്റ്ഫോമിൽ നഷ്ടമായെങ്കിലും പകുതിയിലധികം തുകയുടെ കടവും അയാൾ വീട്ടിയിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇനി അര കോടിയിലധികം രൂപ കൊടുക്കാൻ ബാക്കിയുണ്ട്. വാതുവെപ്പിൽ താത്പര്യമില്ലാതിരുന്ന ദർശനെ പ്രതികൾ നിർബന്ധിച്ചുവെന്നും പെട്ടെന്ന് പണമുണ്ടാക്കാനുള്ള വഴിയായി അത് പറഞ്ഞുകൊടുത്തുവെന്നുമാണ് ആരോപണം. എന്നാൽ വൻതുക നഷ്ടം വന്നതിന് പിന്നാലെ പണം ഉടനെ വേണമെന്നാവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്യുകയായിരുന്നു എന്നും ഭാര്യയുടെ അച്ഛൻ പറഞ്ഞു.
