Asianet News MalayalamAsianet News Malayalam

'സർക്കാർ ദൈവമല്ല, മായാജാലക്കാരനുമല്ല'; ജനങ്ങൾ സഹകരിക്കണമെന്ന് മമത ബാനർജി; സംസ്ഥാനത്ത് കൊവിഡ് ബാധ രൂക്ഷം

സർക്കാർ‌ ദൈവമല്ല. മായാജാലക്കാരനുമല്ല. എന്നാൽ സൗജന്യ റേഷൻ നൽകുകയും സ്കോളർഷിപ്പിനും വിവാഹത്തിനും പെൻഷനും പണം നൽകുകയും ചെയ്യുന്ന സർക്കാരാണിത്. 

government is not god says mamata banerjee
Author
Kolkata, First Published Jul 17, 2020, 2:15 PM IST

കൊൽക്കത്ത: സർക്കാർ ദൈവമോ മായാജാലക്കാരനോ അല്ലെന്ന് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് മമതയുടെ ഈ പ്രതികരണം. 1690 പേരാണ് പുതിയതായി കൊവിഡ് ബാധിതരായിരിക്കുന്നത്. 23 പേർ മരിച്ചു. കൊവിഡ് സൗഖ്യം നേടുന്നവരുടെ എണ്ണം 60  ശതമാനത്തിൽ നിന്ന് 59. 29 ശതമാനത്തിൽ  താഴെയെത്തി. 

ജനങ്ങളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും രാഷ്ട്രീയ പ്രവർത്തകരിൽ നിന്നും മമത ബാനർജി സഹകരണം ആവശ്യപ്പെട്ടു. ഒപ്പം കേന്ദ്രസർക്കാരിനെ വിമർശിക്കുകയും ചെയ്തു. 'കേന്ദ്ര സർക്കാരിൽ നിന്ന് പതിനായിരം വെന്റിലേറ്റർ ലഭിക്കുമെന്ന് ‍ഞങ്ങൾ കരുതി. അതുപോലെ ഓക്സിജൻ സിലിണ്ടറുകളും പ്രതീക്ഷിച്ചു. സൗജന്യമരുന്നുകളും പിപിഇ കിറ്റുകളും പ്രതീക്ഷിച്ചിരുന്നു. എന്നാൽ എന്താണ് കിട്ടിയത്? ഒന്നും കിട്ടിയിട്ടില്ല. ശൂന്യമായ കൈകളുമായിട്ടാണ് ഞങ്ങൾ‌ ജോലി ചെയ്യുന്നത്.' മമത ബാനർജി കുറ്റപ്പെടുത്തി.

'കൈയടിക്കുകയും ചെണ്ട കൊട്ടുകയും വിസിലടിക്കുകയും ചെയ്യുന്നു. അത് മാത്രം മതിയോ? വളരെ ഖേദത്തോട് കൂടിയാണ് ഞാനിത് പറയുന്നത്. കൂടുതൽ കാലം ഇങ്ങനെ മുന്നോട്ട് പോകാൻ എങ്ങനെ സാധിക്കും? എല്ലാ സർക്കാരിനും പരിമിതികളുണ്ട്. അതിനാൽ കൊവിഡിനോട് പൊരുതാൻ ജനങ്ങളുടെ സഹകരണം അത്യാവശ്യമാണ്.' മമത കൂട്ടിച്ചേർത്തു. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊൽക്കത്തയിലുണ്ടായ രണ്ട് സംഭവങ്ങളെക്കുറിച്ചും അവർ പരാമർശിച്ചു. ക്വാറന്റീൻ കേന്ദ്രത്തിൽ ഭക്ഷണം വൈകിയതിനെ തുടർന്ന് അന്തേവാസികൾ പ്രതിഷേധിച്ച സംഭവം ഉണ്ടായിരുന്നു. അതുപോലെ സുഖം പ്രാപിച്ചിട്ടും ഹോസ്പിറ്റലിൽ നിന്ന് പോകാൻ രോ​ഗികൾ കൂട്ടാക്കാത്ത സംഭവവുമുണ്ടായി. ഇത്തരം സംഭവങ്ങൾ വെല്ലുവിളി ഉയർത്തുന്നുവെന്നും ആളുകൾ സംയമനം പാലിക്കണമെന്നും മമത ബാനർജി പറഞ്ഞു.

'സർക്കാർ‌ ദൈവമല്ല. മായാജാലക്കാരനുമല്ല. എന്നാൽ സൗജന്യ റേഷൻ നൽകുകയും സ്കോളർഷിപ്പിനും വിവാഹത്തിനും പെൻഷനും പണം നൽകുകയും ചെയ്യുന്ന സർക്കാരാണിത്. ഇതിൽ കൂടുതൽ എന്ത് ചെയ്യാൻ സാധിക്കും. സർക്കാരിനാവശ്യം ജനങ്ങളുടെ സഹകരണമാണ്.' അടുത്ത ദിവസം മുതൽ അമ്പത് ശതമാനം സർക്കാർ ജീവനക്കാർ മാത്രം ഓഫീസുകളിലെത്തിയാൽ മതിയെന്നും മമത പറഞ്ഞു. ജൂലൈ 31 വരെ പശ്ചിമബം​ഗാളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. 
 

Follow Us:
Download App:
  • android
  • ios