രാജ്യത്തെ ടെലിവിഷൻ റേറ്റിംഗ് സംവിധാനം പരിഷ്കരിച്ച് കേന്ദ്ര സർക്കാർ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ലാൻഡിംഗ് പേജ് കാഴ്ചക്കാരെ ഒഴിവാക്കിയും, ഒടിടി, കണക്റ്റഡ് ടിവി എന്നിവയെ ഉൾപ്പെടുത്തിയും റേറ്റിംഗിൽ സുതാര്യത ഉറപ്പാക്കുകയാണ് ലക്ഷ്യം.
ന്യൂഡൽഹി: രാജ്യത്തെ ടെലിവിഷൻ റേറ്റിംഗ് സംവിധാനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 2014-ലെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് പകരമായി ടിവി റേറ്റിംഗ് പോളിസി 2026 മന്ത്രാലയം പുറത്തിറക്കി. റേറ്റിംഗിൽ കൃത്രിമം കാണിക്കുന്നത് തടയാനും കൂടുതൽ സുതാര്യത ഉറപ്പാക്കാനുമാണ് പുതിയ പരിഷ്കാരങ്ങൾ.
ടിവി ഓൺ ചെയ്യുമ്പോൾ ആദ്യം തെളിയുന്ന ചാനൽ ലാൻഡിങ് പേജ് വഴി ലഭിക്കുന്ന കാഴ്ചക്കാരെ ഇനി മുതൽ റേറ്റിംഗിൽ ഉൾപ്പെടുത്തില്ല. ഇത് വെറും മാർക്കറ്റിംഗ് ടൂൾ മാത്രമായി പരിഗണിക്കാം. ലാൻഡിംഗ് പേജുകൾ വഴി റേറ്റിംഗ് കൃത്രിമമായി വർദ്ധിപ്പിക്കുന്ന രീതിക്ക് ഇതോടെ അന്ത്യമാകും. പുതിയ ഏജൻസികൾക്ക് ഈ രംഗത്തേക്ക് കടന്നുവരാൻ നിലവിലുണ്ടായിരുന്ന 20 കോടി രൂപയുടെ നെറ്റ് വർത്ത് നിബന്ധന 5 കോടി രൂപയായി കുറച്ചു. ഇത് മത്സരവും സുതാര്യതയും വർദ്ധിപ്പിക്കാൻ സഹായിക്കും.
റേറ്റിംഗ് കണക്കാക്കുന്നതിനായുള്ള മീറ്റേഡ് ഹോമുകളുടെ എണ്ണം ആറ് മാസത്തിനുള്ളിൽ 80,000 ആയും, പിന്നീട് ഘട്ടം ഘട്ടമായി 1,20,000 ആയും ഉയർത്താൻ നിലവിലെ ഏജൻസികളോട് നിർദ്ദേശിച്ചു. കേബിൾ, ഡിടിഎച്ച് എന്നിവയ്ക്ക് പുറമെ ഒടിടി, കണക്റ്റഡ് ടിവി എന്നിവയിലൂടെയുള്ള കാഴ്ചക്കാരെയും ഇനി മുതൽ കൃത്യമായി അളക്കണം. പുതിയ നയം അനുസരിച്ച് 50 ശതമാനം ബോർഡ് അംഗങ്ങളും സ്വതന്ത്ര ഡയറക്ടർമാരായിരിക്കണം. നിയമങ്ങൾ ലംഘിക്കുന്ന ഏജൻസികൾക്ക് മൂന്ന് മാസം വരെ സസ്പെൻഷനും പിഴയും ഉൾപ്പെടെയുള്ള ശിക്ഷകൾ നൽകാനും നയത്തിൽ വ്യവസ്ഥയുണ്ട്.


