ബാഗ്പത്(ഉത്തര്‍പ്രദേശ്): ഇന്ത്യയിലെ ഗവര്‍ണര്‍മാര്‍ക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ടള്ള ജോലിയൊന്നുമില്ലെന്ന് ഗോവ ഗവര്‍ണര്‍ സത്യപാല്‍ മലിക്. ജമ്മു കശ്മീരിലെ ഗവര്‍ണര്‍മാര്‍ക്കാണെങ്കില്‍ മദ്യപിക്കുകയും ഗോള്‍ഫ് കളിക്കുകയും മാത്രമാണ് ജോലിയെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബാഗ്ഫതില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണറായിരുന്നു സത്യപാല്‍ മലിക്.

"ഗവര്‍ണര്‍മാര്‍ക്ക് അധികം ജോലിയൊന്നുമില്ല. കശ്മീരിലെ ഗവര്‍ണര്‍ക്കാണെങ്കില്‍ നിത്യം മദ്യപിക്കുകയും ഗോള്‍ഫ് കളിക്കുകയും ചെയ്യാം. മറ്റ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്കാണെങ്കില്‍ ബുദ്ധിമുട്ടുള്ള പ്രശ്നങ്ങളിലൊന്നും ഇടപെടുകയും വേണ്ട."-അദ്ദേഹം പറഞ്ഞു. സത്യപാല്‍ മലിക് നേരത്തെയും വിവാദ പരാമര്‍ശങ്ങള്‍ നടത്തി വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.