മുംബൈ: നാടകീയമായ നീക്കങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിന് ഗവർണർ ശുപാർശ നൽകി. വൈകിട്ട് എട്ടര വരെ എൻസിപിക്ക് സ‌ർക്കാരുണ്ടാക്കാൻ സമയം ബാക്കിനിൽക്കെയാണ് ​ഗവ‌ർണ‌ർ രാഷ്ട്രപതി ഭരണത്തിന് ശുപാ‌ർശ ചെയ്തിരിക്കുന്നത്. മ​ഹാരാഷ്ട്രയിൽ ഭരണഘടന പ്രകാരം സ‌ർക്കാ‌ർ രൂപീകരണം നടക്കില്ലെന്ന് ബോധ്യപ്പെട്ടെന്നാണ് ​ഗവ‌‌ർണ‌ർ പുറത്തിറക്കിയ വാ‌ർത്താക്കുറിപ്പിൽ പറയുന്നത്. 


അതിനിടെ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്യാൻ കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ധാരണയായി, പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലേക്ക് പോകുന്നതിന് മുന്നോടിയായി ചേർന്ന് അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാനമായ ഈ തീരുമാനം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 2:15നാണ് പ്രധാനമന്ത്രി ബ്രിക്സ് ഉച്ചകോടിക്കായി പുറപ്പെടേണ്ടിയിരുന്നതാണ്.

എന്നാൽ അടിയന്തര യോഗം വിളിച്ച് ചേർത്തത് മൂലം പ്രധാനമന്ത്രിയുടെ യാത്ര വൈകി. ബിജെപി എംഎൽഎമാരെ അടക്കം ശരത് പവാർ ബന്ധപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ അടിയന്തര നീക്കം നടത്തിയിരിക്കുന്നത്. രാഷ്ട്രപതി ഭരണത്തിന് തീരുമാനമെടുത്തെന്നും ഇതിനുള്ള ശുപാർശ ഉടൻ നൽകുമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും സ്ഥിരീകരിച്ചിട്ടുണ്ട്. 

അതിനിടെ സർക്കാർ രൂപീകരിക്കാൻ ഗവർണർ സാവകാശം നൽകുന്നില്ലെന്ന് ആരോപിച്ച് ശിവസേന സുപ്രീം കോടതിയെ സമീപിച്ചു. ബിജെപിക്ക് 48 മണിക്കൂർ സാവകാശം നൽകിയ ഗവർണർ 24 മണിക്കൂർ മാത്രമാണ് ശിവസേനയ്ക്ക് നൽകിയതെന്ന പരാതി നേരത്തെ തന്നെ പാർട്ടി വൃത്തങ്ങൾ ഉന്നയിച്ചിരുന്നു. മൂന്ന് ദിവസത്തെ സമയാണ് ശിവസേന സർക്കാർ രൂപീകരിക്കാൻ ഇന്നലെ ആവശ്യപ്പെട്ടിരുന്നത് എന്നാൽ ഇത് ഗവർണർ നിരാകരിക്കുകയായിരുന്നു.