ദില്ലി: ആയിരത്തിലധികം പാകിസ്താനി ഖാലിസ്ഥാനി അക്കൗണ്ട്‌കൾ നീക്കം ചെയാൻ  ട്വിറ്ററിനോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. കർഷക സമരത്തെ കുറിച്ചുള്ള തെറ്റായതും പ്രകോപനപരവുമായ വാർത്ത പ്രചരിപ്പിക്കുന്നത് തടയാൻ ആണ് നടപടി ആവശ്യപ്പെടുന്നതെന്നും സർക്കാർ പറഞ്ഞു. 

1178  ട്വിറ്റർ അക്കൗണ്ടുകൾ നീക്കം ചെയ്യാനാണ്  കേന്ദ്ര സർക്കാർ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യത്തോട് ട്വിറ്റർ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ 257 ട്വിറ്റർ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെയാണ് പുതിയ ആവശ്യം.

അതേസമയം റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട ചെങ്കോട്ട സംഘർഷത്തിൽ ഒരാളെ ദില്ലി പൊലീസ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശി സുഖ്ദേവ് സിങ്ങാണ് പിടിയിലായത്. പഞ്ചാബിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് അൻപതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്ടർ റാലിക്കൊടുവിലായിരുന്നു ചെങ്കോട്ടയിലും പരിസരത്തും വൻ അക്രമ സംഭവങ്ങൾ അരങ്ങേറിയത്. അതേസമയം റിപ്പബ്ലിക് ദിനത്തിലെ സംഘർഷങ്ങൾക്ക് പിന്നിൽ ദീപ് സിദ്ദുവാണെന്ന് കർഷക നേതാക്കൾ നേരത്തെ ആരോപിച്ചിരുന്നു. സിദ്ദുവിന് ബിജെപി  ബന്ധമുണ്ടെന്ന ആരോപണം കർഷക നേതാക്കൾ ശക്തമായി ഉന്നയിക്കുന്നുണ്ട്.

ഇതിനിടെ പ്രതിയായ നടൻ ദീപ് സിദ്ദുവിനായി പഞ്ചാബിൽ നാല് ഇടങ്ങളിൽ ദില്ലി പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ചെങ്കോട്ടയിലെ സംഘർഷത്തിൽ  കോട്ട് വാലി സ്റ്റേഷനിൽ എടുത്ത കേസിൽ ദീപ് സിദ്ദുവിന് പുറമെ ഗുണ്ടാ നേതാവ് ലക്കാ സാധന എന്നിവരെയും പ്രതി ചേർത്തിരുന്നു.