ദില്ലി: വനിതകൾക്ക് സൈന്യത്തിൽ എല്ലാ മേഖലയിലും ജോലി ചെയ്യാൻ അവസരമൊരുക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിംഗ് പറഞ്ഞു. സൈന്യത്തിലെ ചില മേഖലകളിൽ ഇപ്പോഴും വനിതകളെ ജോലിക്ക് നിയോഗിക്കുന്നില്ല.  ഈ അവസ്ഥ മാറിവരികയാണെന്നും രാജ്‌നാഥ്‌ സിംഗ് പറഞ്ഞു.

എല്ലാ മേഖലകളിലും സ്ത്രീകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സജ്ജമായിരിക്കും. അവസരങ്ങളില്‍  സ്ത്രീ പുരുഷ തുല്യത ഉറപ്പുവരുത്തുന്നതിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. വിവിധ വകുപ്പുകളിലും സൈനിക ദൗത്യങ്ങളിലും വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുത്തിട്ടുണ്ട്. 

ധൈര്യവും അര്‍പ്പണബോധവും കൊണ്ട് ചരിത്രത്തില്‍ സ്ത്രീകള്‍ അസാധാരണമായ സംഭാവനകള്‍ കാഴ്ചവച്ചിട്ടുണ്ട്. രാജ്യപുരോഗതിയില്‍ അവ നിര്‍ണായകമായിട്ടുമുണ്ട്. സ്ത്രീകള്‍ക്ക് തുല്യത ഉറപ്പുവരികയും കഴിവുകള്‍ പരമാവധി വിനിയോഗിക്കാന്‍ കഴിയുകയും ചെയ്യുന്ന ഒരു പുതിയ ഇന്ത്യ വിഭാവനം ചെയ്യാന്‍ ജനങ്ങള്‍ക്ക് കഴിയട്ടെ എന്നും മന്ത്രി പറഞ്ഞു. വനിതാ ദിനത്തോടനുബന്ധിച്ച് ആശംസകള്‍ നേര്‍ന്നു സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.