ബെംഗളുരു: സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ പീഡനം സഹിക്കാനാകാതെ സര്‍ക്കാര്‍ ഡോക്ടര്‍ ഓട്ടോ ഡ്രൈവറായി. ബെംഗളുരുവിലാണ് സിനിമയെ വെല്ലുന്ന 53 കാരനായ ഡോക്ടര്‍ എം എച്ച് രവീന്ദ്രനാഥിന്റെ ജീവിതം. 24 വര്‍ഷമായി സര്‍ക്കാര്‍ സേവനം അനുഷ്ടിക്കുകയാണ് രവീന്ദ്രനാഥ്. എന്നാല്‍ 15 മാസമായി ഇദ്ദേഹത്തിന് ശമ്പളം ലഭിക്കുന്നില്ല. ഇതോടെയാണ് ഓട്ടോ ഓടിക്കാന്‍ തീരുമാനിച്ചത്. 

2009 - 2010 വര്‍ഷത്തിലെ മികച്ച മെഡിക്കല്‍ ഓഫീസറായിരുന്നു രവീന്ദ്രനാഥ്. ബെള്ളാരി ജില്ലാ പഞ്ചായത്ത് സിഇഒ ആയിരുന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ സുഹൃത്തിനെ ദേശീയ ആരോഗ്യമിഷന് കീഴില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടറായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്യാത്തതിനെ തുടര്‍ന്നാണ് ഡോക്ടറുടെ ദുരിതം തുടങ്ങിയത്. പലതവണയായി കുറ്റങ്ങള്‍ ആരോപിച്ച് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 

പിന്നീട് സസ്‌പെന്‍ഷനിലായി. 2019 മുതല്‍ ശമ്പളമില്ല. ഇതോടെ ഓട്ടോ ഓടിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി ദാവനഗെരെയില്‍ ഓടുന്നുണ്ട് ഡോ. രവീന്ദ്രനാഥിന്റെ ഓട്ടോ. ഐഎഎസ് ഓഫീസറുടെ തെറ്റായ ഭരണമാണ് തന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് ഓട്ടോയുടെ മുന്നില്‍ എഴുതിവച്ചിട്ടുണ്ട്.