ദില്ലി: കേന്ദ്ര സര്‍ക്കാര്‍ ഏപ്രില്‍ 14ന് ശേഷം ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന് കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ സര്‍വ്വകക്ഷി യോഗത്തിന് ശേഷമാണ് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ഇക്കാര്യം അറിയിച്ചത്. യോഗത്തില്‍ ഇത് സംബന്ധിച്ച സൂചനകള്‍ പ്രധാനമന്ത്രി നല്‍കിയതായാണ് സൂചന.

നേരത്തെ നിരവധി സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ അന്തിമതീരുമാനം ശനിയാഴ്ചയാണെന്നാണ് സൂചന. മോദി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതനുസരിച്ചാകും അന്തിമതീരുമാനം കേന്ദ്രം സ്വീകരിക്കുക.

രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം, കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക കണക്കനുസരിച്ച് 5149 ആണ്. മരിച്ചവരുടെ എണ്ണം 149 ആയും ഉയര്‍ന്നു. ലോക്ക്ഡൗണിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിമാരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവനയില്‍ പറഞ്ഞു.

രാവിലെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രതിപക്ഷകക്ഷികളുമായി അടക്കം മോദി കൂടിക്കാഴ്ച നടത്തി നിര്‍ദേശങ്ങള്‍ തേടിയിരുന്നു. 'ഇക്കാര്യത്തില്‍ വിദഗ്ധരുടെ അഭിപ്രായം കേള്‍ക്കും. രാഷ്ട്രീയമായല്ല തീരുമാനം വേണ്ടതെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ ധാരണയായിട്ടുണ്ട്. ലോക്ക്ഡൗണ്‍ ഭാഗികമായി നീക്കണമെന്ന് ചില പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ലോക്ക്ഡൗണ്‍ നീട്ടണമെന്ന നിര്‍ദേശം പരിഗണിക്കുന്നു. രാജ്യം ഒറ്റക്കെട്ടായി നില്ക്കുന്നു'', എന്നും മോദി വ്യക്തമാക്കി.