ആദ്യഘട്ടത്തില്‍ ഇപ്പോള്‍ വാക്സിന്‍ നല്‍കിവരുന്ന വിഭാഗങ്ങളില്‍ പെട്ട കുറഞ്ഞത് നൂറുപേര്‍ ജോലി ചെയ്യുന്ന ഇടങ്ങളിലായിരിക്കും വാക്സിന്‍ കുത്തിവയ്പ്പ് നടത്തുക. 

ദില്ലി: പൊതു സ്വകാര്യ വ്യത്യാസം ഇല്ലാതെ ജോലി സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും കൊവിഡ് വാക്സിന്‍ കുത്തിവയ്പ്പിന് സൌകര്യം ഒരുക്കുന്ന പദ്ധതി ഉടന്‍ ആരംഭിച്ചേക്കും. ഇതിന് സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചുവെന്നാണ് വാര്‍ത്ത ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ആദ്യഘട്ടത്തില്‍ ഇപ്പോള്‍ വാക്സിന്‍ നല്‍കിവരുന്ന വിഭാഗങ്ങളില്‍ പെട്ട കുറഞ്ഞത് നൂറുപേര്‍ ജോലി ചെയ്യുന്ന ഇടങ്ങളിലായിരിക്കും വാക്സിന്‍ കുത്തിവയ്പ്പ് നടത്തുക. ഇത്തരത്തിലുള്ള ജോലിസ്ഥലത്തെ വാക്സിന്‍ സെന്‍ററുകള്‍ ഏപ്രില്‍ 11 ഓടെ രാജ്യമെങ്ങും സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ആലോചനയെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് കേസുകള്‍ രാജ്യത്ത് കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ വാക്സിനേഷന്‍ എന്ന ആവശ്യം ഉയര്‍ന്നതോടെയാണ് ഇത്തരം ഒരു തീരുമാനം കേന്ദ്രം എടുക്കുന്നത്.

നേരത്തെ തന്നെ കൊവിഡ് വാക്സിന്‍ നല്‍കാനുള്ള പ്രായ പരിധിയില്‍ ഇളവ് നല്‍കാന്‍ കേന്ദ്രത്തോട് വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അടുത്തിടെ ഐഎംഎ പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കൊവിഡ് വാക്സിന്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.