ജോയിന്റ് കമ്മിഷണര്‍ റാങ്കിലും കമ്മിഷണര്‍ റാങ്കിലുമുള്ള ഐആര്‍എസ് പദവിയിലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേന്ദ്രസര്‍ക്കാരിന്റെ കടുത്ത നടപടി

ദില്ലി: രാജ്യത്തെ 12 ഉയര്‍ന്ന ഉദ്യോഗസ്ഥരെ ആദായ നികുതി വകുപ്പിൽ നിന്നും കേന്ദ്രസര്‍ക്കാർ പുറത്താക്കി. ജോയിന്റ് കമ്മിഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനടക്കമാണ് പുറത്താക്കപ്പെട്ടത്. സ്വഭാവ ദൂഷ്യത്തിന്റെയും അഴിമതിയുടെയും പേരിലാണ് പുറത്താക്കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോ‍ര്‍ട്ട് ചെയ്യുന്നു.

വിവാദ ആൾദൈവം ചന്ദ്രസ്വാമിക്ക് വേണ്ടി വഴിവിട്ട ഇടപെടൽ നടത്തിയെന്ന ഒരു ബിസിനസുകാരന്റെ ആരോപണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെയാണ് ജോയിന്റ് കമ്മിഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന് ജോലി നഷ്ടപ്പെട്ടത്. കമ്മിഷണര്‍ റാങ്കിലുള്ള രണ്ട് ഐആര്‍എസ് ഓഫീസര്‍മാര്‍ നൽകിയ ലൈംഗിക അതിക്രമ പരാതിയെ തുടര്‍ന്നാണ് നോയിഡയിലെ കമ്മിണര്‍ (അപ്പീൽ) റാങ്കിൽ ജോലി ചെയ്തിരുന്ന ഐആര്‍എസ് ഓഫീസറെ പുറത്താക്കിയത്.

തന്റെയും ബന്ധുക്കളുടെയും പേരിൽ 3.17 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഐആര്‍എസ് ഓഫീസറെ കൊണ്ട് നിര്‍ബന്ധിത വിരമിക്കൽ എഴുതിവാങ്ങി. ഇൻകം ടാക്സ് വിഭാഗത്തിലെ മറ്റൊരു കമ്മിഷണറെയും നിര്‍ബന്ധിത വിരമിക്കൽ നൽകിയിട്ടുണ്ട്. ഇദ്ദേഹത്തിനെതിരെ അനധികൃത ആസ്തി സമ്പാദന കേസിൽ അന്വേഷണം നടന്നുവരികയായിരുന്നു. സിബിഐ ഈ കേസിൽ ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.

തന്റെ സ്ഥാപിത താത്പര്യം മുൻനിര്‍ത്തി വ്യക്തികളെ സംരക്ഷിക്കാൻ മേലുദ്യോഗസ്ഥരുടെ യഥാര്‍ത്ഥ ഉത്തരവുകൾക്ക് പകരം തെറ്റായ ഉത്തരവുകൾ പുറപ്പെടുവിച്ച ഉദ്യോഗസ്ഥനെയും സര്‍വ്വീസിൽ നിന്ന് പുറത്താക്കി. ഒന്നര കോടിയോളം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ച ഉദ്യോഗസ്ഥനോടും നിര്‍ബന്ധിത വിരമിക്കൽ എഴുതി വാങ്ങിയിട്ടുണ്ട്.

കള്ളപ്പണ കേസിൽ കുറ്റാരോപിതനായ വ്യാപാരിയോട് 50 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട കമ്മിഷണര്‍ റാങ്കിലുള്ള മറ്റൊരു ഉദ്യോഗസ്ഥനും പുറത്തായി. 3.13 കോടി രൂപയുടെ തിരിമറി മറച്ചുവെക്കാനായിരുന്നു ഇദ്ദേഹത്തിന്റെ ശ്രമമെന്ന് അന്വേഷണത്തിൽ കണ്ടെത്തി.