ലഖ്നൗ: വിവാഹ വേദിയിൽ മദ്യപിച്ച് ലക്കുകെട്ട് നൃത്തംചവിട്ടിയ വരനെ വേണ്ടെന്ന് വച്ച് വധു. ഉത്തർപ്രദേശിലെ ലഖിംപുരിലെ മൈലാനിയിലാണ് സംഭവം. വിവാഹം വേണ്ടെന്ന് യുവതി പറഞ്ഞതോടെ ഇരുവരുടെയും കുടുംബാംഗങ്ങൾ തമ്മിൽ വാക്കുതർക്കത്തിലേർപ്പെടുകയും പിന്നീട് കയ്യാങ്കളിയിലേക്ക് നയിക്കുകയും ചെയ്തു.

നവംബർ എട്ടാം തീയതിയാണ് വിവാഹവേദിയിൽ സംഭവബഹുലമായ കാര്യങ്ങൾ അരങ്ങേറിയത്. വിവാഹത്തിന് മുൻപുള്ള ചടങ്ങുകൾ ഇരുവരും നടത്തുകയും പരസ്പരം മാലകൾ കൈമാറുകയും ചെയ്തിരുന്നു. തുടർന്ന് മദ്യപിച്ച് ലക്കുകെട്ട വരൻ നാ​ഗിൻ ഡാൻസ് കളിക്കാൻ തുടങ്ങി. ഇതോടെ തനിക്ക് വിവാഹത്തിന് താല്പര്യമില്ലെന്ന് യുവതി അറിയിച്ചു. ഇതിൽ രോക്ഷം പൂണ്ട വരൻ യുവതിയെ തല്ലിയതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.

യുവതിയെ അടിച്ചതോടെ ഇരുവരുടെയും കുടുംബാം​ഗങ്ങൾ തമ്മിൽ വിവാഹ പന്തലിൽ വാക്കേറ്റമാകുകയും ഇത് കയ്യാങ്കലിയിലേക്ക് നയിക്കുകയുമായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയതോടെയാണ് പ്രശ്നം ശാന്തമായത്. സമ്മാനങ്ങളെല്ലാം തിരിച്ചുനൽകാൻ വരന്റെ വീട്ടുകാർ തയ്യാറാവുകയും ചെയ്തു.

വിവാഹം ഉപേക്ഷിക്കാനുള്ള തീരുമാനം കേട്ടപ്പോൾ ആദ്യം ദുഃഖം തോന്നിയെന്നും പിന്നീട് അവളുടെ തീരുമാനത്തിനൊപ്പം നിൽക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും വധുവിന്റെ സഹോദരൻ പറഞ്ഞു.