സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. മുഖ്താര്‍ ഹുസൈന്‍(ജബ്ബാര്‍ ജോഡിയ), ഷംസുദ്ദീന്‍ ഹുസൈന്‍, ഗുലാം ഹുസൈന്‍ ഉമര്‍ ബാഗ്ദാദ് എന്നിവരാണ് അറസ്റ്റിലായത്. ലോക്കല്‍ പൊലീസുമായി ചേര്‍ന്നായിരുന്നു എടിഎസിന്റെ ഓപ്പറേഷന്‍. 

അഹമ്മദാബാദ്: ഗുജറാത്തില്‍ (Gujarat) വന്‍ മയക്കുമരുന്ന് (Drug) വേട്ട. മോര്‍ബി ജില്ലയിലെ സിന്‍സുഡ ഗ്രാമത്തില്‍ നിന്നാണ് 600 കോടി രൂപ വില വരുന്ന 120 കിലോ ഗ്രാം ഹെറോയിന്‍ (heroin) ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (Gujarat ATS) പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. മുഖ്താര്‍ ഹുസൈന്‍(ജബ്ബാര്‍ ജോഡിയ), ഷംസുദ്ദീന്‍ ഹുസൈന്‍, ഗുലാം ഹുസൈന്‍ ഉമര്‍ ബാഗ്ദാദ് എന്നിവരാണ് അറസ്റ്റിലായത്. ലോക്കല്‍ പൊലീസുമായി ചേര്‍ന്നായിരുന്നു എടിഎസിന്റെ ഓപ്പറേഷന്‍. സംഭവത്തില്‍ പാകിസ്ഥാന്‍ ബന്ധമുണ്ടെന്ന് അന്വേഷണ ഏജന്‍സി പറഞ്ഞു. മുഖ്താര്‍ ഹുസൈനും ഗുലാം ബാഗ്ദാദും പാകിസ്ഥാനി ബോട്ടില്‍ നിന്നാണ് മയക്കുമരുന്ന് വാങ്ങിയത്. ബലൂച്ചിലെ സാഹിദ് ബഷീര്‍ എന്നയാളാണ് മയക്കുമരുന്ന് ഇവര്‍ക്ക് നല്‍കിയത്.

നേരത്തെ 2019ല്‍ 227 കിലോ ഹെറോയിന്‍ പിടികൂടിയ സംഭവത്തിലും ഇയാള്‍ക്ക് പങ്കുണ്ടായിരുന്നെന്ന് എടിഎസ് പറഞ്ഞു. ഇന്ത്യന്‍ കള്ളക്കടത്തുസംഘം വഴി ആഫ്രിക്കന്‍ രാജ്യത്തേക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് മയക്കുമരുന്ന് പിടികൂടിയതെന്നും എടിഎസ് വ്യക്തമാക്കി. ലഹരിക്കടത്തുസംഘത്തെ പിടികൂടുന്നതില്‍ നിര്‍ണായക നേട്ടമാണ് ഗുജറാത്ത് പൊലീസ് കൈവരിച്ചതെന്ന് ആഭ്യന്തര മന്ത്രി ഹര്‍ഷ് സംഘ്വവി പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 1320 കോടി രൂപയുടെ മയക്കുമരുന്ന് ഗുജറാത്തില്‍ പിടികൂടിയെന്ന് ഗുജറാത്ത് എടിഎസ് ഡിഐജി ഹിമാന്‍ഷു ശുക്ല പറഞ്ഞു.

അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് മയക്കുമരുന്ന് എത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ സെപ്റ്റംബറില്‍ മുന്ദ്ര തുറമുഖത്ത് നിന്ന് 21,000 കോടി വില വരുന്ന 3000 കിലോ ഹെറോയിന്‍ പിടിച്ചെടുത്തിരുന്നു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സാണ് മുന്ദ്രയില്‍ നിന്ന് മയക്കുമരുന്ന് പിടികൂടിയത്.