Asianet News MalayalamAsianet News Malayalam

ഗുജറാത്തിൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ക്വാറന്‍റീനിൽ; നടപടി എംഎൽഎയ്ക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ

ഗുജറാത്തിൽ ഇനി യോഗങ്ങളെല്ലാം വിഡിയോ കോൺഫറൻസ് വഴിയാകും. ഔദ്യോഗിക വസതികളിലേക്ക് ആരെയും പ്രവേശിപ്പിക്കില്ല.
Gujarat CM isolates self after mla test positive for corona virus
Author
Gujarat, First Published Apr 15, 2020, 3:01 PM IST
അഹമ്മദാബാദ്: ഗുജറാത്തിൽ എംഎൽഎയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിജയ് രൂപാണിയും ഉപമുഖ്യമന്ത്രിയും ക്വാറന്‍റീനിൽ പ്രവേശിച്ചു. കൊവിഡ് ബാധിതനായ എംഎൽഎയുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടർന്നാണ് ഇരുവരും ക്വാറന്‍റീനിൽ പ്രവേശിച്ചത്. ഗുജറാത്തിൽ ഇനി യോഗങ്ങളെല്ലാം വിഡിയോ കോൺഫറൻസ് വഴിയാകും. ഔദ്യോഗിക വസതികളിലേക്ക് ആരെയും പ്രവേശിപ്പിക്കില്ല.

രോഗം പടർന്ന് പിടിക്കുന്ന അഹമ്മദാബാദിലെ ചിലയിടങ്ങളിൽ ഏപ്രിൽ 21വരെ കർഫ്യൂ പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതേക്കുറിച്ച് ച‍ർച്ച ചെയ്യാനാണ് കോൺഗ്രസ് നേതാവും സ്ഥലം എംഎൽഎയായ ഇമ്രാന്‍ ഖേദ്‍വാലയും മറ്റ് രണ്ട് കോൺഗ്രസ് എംഎൽഎമാരും മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയത്. കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്ന എംഎൽഎ സാമ്പിൾ പരിശോധാഫലം കാത്തിരിക്കേയാണ് മുഖ്യമന്ത്രിയെ കണ്ടത്. ഉപമുഖ്യമന്ത്രി നിതിൻ പട്ടേലടക്കമുള്ളവർ യോഗത്തിനുണ്ടായിരുന്നു. ആരും മാസ്കും ധരിച്ചിരുന്നില്ല. പിന്നീട് വൈകീട്ടോടെ  എംഎൽഎയ്ക്ക് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. 

എംഎൽഎയുമായി വളരെ ദൂരം മാറിയാണ് മന്ത്രിമാർ ഇരുന്നതെന്നും രോഗബാധയുണ്ടാവാൻ സാധ്യത കുറവാണെന്നുമാണ് ഔദ്യോഗിക വിശദീകരണം. എന്നാലും യോഗത്തിനെത്തിയവരെല്ലാം ക്വാറന്‍റീനിൽ പോവാൻ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അടക്കം സാമ്പിളുകൾ പരിശോധനയ്ക്കും അയക്കും. ഒരു കോൺഗ്രസ് കൗൺസിലർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ രോഗികളെ മതം നോക്കി വാർഡുകൾ തിരിക്കുകയാണെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഇതിന് സർക്കാർ നിർദ്ദേശമുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞെങ്കിലും ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ ഇത് നിഷേധിച്ചു. 
Follow Us:
Download App:
  • android
  • ios