അഹമ്മദാബാദ്: ഗുജറാത്തിൽ ഇന്ന് രാജ്യസഭാ തെരഞ്ഞെടുപ്പ്. അമിത് ഷായും സ്‌മൃതി ഇറാനിയും ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശപ്രകാരം ഇരുസീറ്റുകളിലേക്കും രണ്ട് സമയത്തായാണ് വോട്ടെടുപ്പ്.

ബിജെപി കുതിരക്കച്ചവടം നടത്തുന്നത് തടയാൻ കോൺഗ്രസ് ആകെയുള്ള 77 എംഎൽഎമാരിൽ 65 പേരെയും റിസോർട്ടുകളിലേക്ക് മാറ്റി. ബനസ്‍കന്ധ ജില്ലയിലെ ഒരു റിസോർട്ടിലേക്കാണ് എംഎൽഎമാരെ മാറ്റിയിരിക്കുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്നലെ ഇവിടെ എംഎൽഎമാരുടെ യോഗം ചേർന്നിരുന്നു. വോട്ടെടുപ്പിൽ വോട്ട് അസാധുവാകാതിരിക്കാൻ എങ്ങനെ ശ്രദ്ധിച്ച് വോട്ട് ചെയ്യണമെന്നതിൽ വ്യക്തത വരുത്താനായി ഇന്നലെ എംഎൽഎമാർക്കിടയിൽ 'മോക് പോൾ' നടത്തി. 

വിദേശകാര്യമന്ത്രി എസ് ജയശങ്കറും ഒബിസി നേതാവ് ജുഗൽജി ഠാക്കൂറുമാണ് ബിജെപിയുടെ സ്ഥാനാർത്ഥികൾ. ചന്ദ്രിക ചുദാസാമയും ഗൗരവ് പാണ്ഡ്യയുമാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ. 182 അംഗ നിയമസഭയിൽ 100 അംഗങ്ങൾ ഉള്ള ബിജെപിക്ക് വെവ്വേറെ നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇരു സീറ്റുകളിലും ജയിക്കാനാകും. എങ്കിലും, വൻഭൂരിപക്ഷം കിട്ടാൻ ബിജെപി എംഎൽഎമാരെ ചാക്കിട്ടു പിടിച്ചേക്കും എന്ന് സൂചന കിട്ടിയതിനാലാണ് കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റുന്നത്. 88 വോട്ടാണ് ഒരു സീറ്റിൽ ജയിക്കാൻ വേണ്ടത്.

നേരത്തേ സംസ്ഥാനം വിട്ട്, രാജസ്ഥാനിലെ മൗണ്ട് അബുവിലെ റിസോർട്ടിലേക്ക് എംഎൽഎമാരെ മാറ്റാനാണ് കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പിനായി എംഎൽഎമാരെ എത്തിക്കാൻ കുറച്ചു കൂടി എളുപ്പം ബനസ്‍കന്ധയിലെ റിസോർട്ടാണെന്ന് കണ്ടാണ് ഇവിടേക്ക് മാറ്റിയിരിക്കുന്നത്. 

എന്നാൽ കോൺഗ്രസ് നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ അൽപേഷ് ഠാക്കൂറും, ധവൽസിങ് സലയും ഇന്നലത്തെ യോഗത്തിൽ നിന്ന് വിട്ടു നിന്നു. മറ്റ് നാല് പേർ, പിന്തുണ അറിയിച്ച് വിട്ടു നിന്നെന്നും കോൺഗ്രസ് വക്താവ് മനീഷ് ദോഷി വ്യക്തമാക്കി. 

റിസോർട്ടിലേക്ക് മാറാൻ അൽപേഷ് ഠാക്കൂർ വിസമ്മതിച്ചതായാണ് സൂചന. ഇത്തരത്തിൽ എംഎൽഎമാരെ കൂട്ടത്തോടെ കടത്തിക്കൊണ്ടുപോകാനുള്ള നീക്കത്തോട് അൽപേഷ് ഠാക്കൂർ പ്രതിഷേധമറിയിച്ചിട്ടുണ്ട്. പിന്തുണ അറിയിച്ച് വിട്ടു നിന്നെന്ന് പാർട്ടി നേതൃത്വം അറിയിച്ച എംഎൽഎമാർ ഇവരാണ്: ഗയാസുദ്ദീൻ ഷെയ്‍ഖ്, ഇമ്രാൻ ഖേഡാവാല, ഭിഖാഭായ് ജോഷി, വിക്രം മദം. 

''ബിജെപി ഞങ്ങളുടെ എംഎൽഎമാരെ സ്വന്തം ക്യാംപിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ടെന്നാണ് ഞങ്ങൾക്ക് ലഭിച്ച വിവരം. അത്തരം കുതിരക്കച്ചവടം ഒഴിവാക്കാനാണ് ഞങ്ങൾ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയത്. അധികാരം കിട്ടാൻ ബിജെപി എന്തും ചെയ്യും. അതിനാൽ വോട്ട് ചെയ്യേണ്ടതെങ്ങനെ എന്നതുൾപ്പടെ പറഞ്ഞു മനസ്സിലാക്കാൻ ഞങ്ങൾ എംഎൽഎമാർക്ക് ഒരു ദിവസത്തെ വർക് ഷോപ്പ് സംഘടിപ്പിക്കുകയായിരുന്നു. ഗാന്ധിനഗറിൽ തെരഞ്ഞെടുപ്പ് തുടങ്ങുമ്പോഴേക്ക് ഞങ്ങൾ എംഎൽഎമാരെ തിരിച്ചെത്തിക്കും'', കോൺഗ്രസ് വക്താവ് വ്യക്തമാക്കി.