ഗുജറാത്ത് സ്വദേശിയായ യുവാവാണ് ജനറല്‍ കമ്പാര്‍ട്ട്മെന്‍റില്‍ കയറി ദില്ലിയിലെത്തി സീമാ ഹൈദറിന്‍റെ വീട്ടില്‍ അതിക്രമിച്ചു കയറിയത്.
നോയിഡ: പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തി യുപി സ്വദേശിയോടൊപ്പം താമസിക്കുന്ന സീമ ഹൈദറിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തുത. സീമ ഹൈദർ തനിക്കെതിരെ ദുർമന്ത്രവാദം നടത്തിയെന്ന് പിടിക്കപ്പെട്ടയാൾ ആരോപിച്ചു. ഗുജറാത്തിലെ സുരേന്ദർ നഗർ സ്വദേശിയായ തേജസ് ആണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. തേജസ് മാനസികമായി അസ്വസ്ഥനാണെന്നും പൊലീസ് വ്യക്തമാക്കി. ശനിയാഴ്ച വൈകുന്നേരം 7 മണിയോടെ സീമയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിക്കുകയായിരുന്നു. ഗുജറാത്തിൽ നിന്ന് ദില്ലിയിലേക്കുള്ള ട്രെയിൻ കയറിയാണ് ഇയാൾ എത്തിയത്.
ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസിൽ സീമ താമസിക്കുന്ന ഗ്രാമത്തിലെത്തി. ഇയാളുടെ ഫോണിൽ സീമയുടെ സ്‌ക്രീൻഷോട്ടുകൾ കണ്ടതായി റബുപുര കോട്‌വാലി ഇൻചാർജ് സുജീത് ഉപാധ്യായ പിടിഐയോട് പറഞ്ഞു. തേജസിനെ അറസ്റ്റ് ചെയ്തതായി അദ്ദേഹം പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ 32 കാരിയായ സീമ ഹൈദർ, കുട്ടികളെയും കൂട്ടി 2023 മെയ് മാസത്തിൽ കറാച്ചിയിലെ വീട്ടിൽ നിന്ന് നേപ്പാൾ വഴി ഇന്ത്യയിലെത്തി. 27കാരനായ സച്ചിൻ മീണയോടൊപ്പം താമസം തുടങ്ങി. ഇന്ത്യൻ അധികൃതർ കണ്ടെത്തിയതോടെയാണ് അവർ വാർത്തകളിൽ ഇടം നേടിയത്. പാകിസ്ഥാനി ഭർത്താവ് ഗുലാം ഹൈദറിൽ നാല് മക്കളും സച്ചിനിൽ ഒരു മകളുമുണ്ട്.


