Asianet News MalayalamAsianet News Malayalam

'മോദി മേധാവിത്വം' ഉറപ്പിച്ച വിജയം; 2024 ലും ഗുജറാത്ത് മാതൃകാ പ്രചാരണവുമായി മുന്നോട്ട് പോകാൻ ബിജെപി

റെക്കോർഡുകൾ തകർത്ത് ബിജെപി ഗുജറാത്തിൽ മുന്നേറുമ്പോൾ ഇന്ത്യയിലെ ഏറ്റവും കരുത്തനായ ജനസ്വീകാര്യതുള്ള നേതാവായി നരേന്ദ്ര മോദി തുടരുകയാണ്. 

gujarat  record breaking election victory confirmed Modi supremacy in bjp
Author
First Published Dec 8, 2022, 7:15 PM IST

അഹമ്മദാബാദ്: ദേശീയ രാഷ്ട്രീയത്തിൽ നരേന്ദ്ര മോദിയുടെ അപ്രമാദിത്വം ഉറപ്പിക്കുന്നതാണ് ഗുജറാത്തിലെ ബിജെപിയുടെ മിന്നുന്ന വിജയം. 2024 ലെ തെരഞ്ഞെടുപ്പി. ഗുജറാത്ത് മാതൃക മുൻനിറുത്തിയുള്ള പ്രചാരണത്തിന് തുടക്കമിടാൻഈ തെരഞ്ഞെടുപ്പ് ഫലം ബിജെപിയെ സഹായിക്കും. റെക്കോർഡുകൾ തകർത്ത് ബിജെപി ഗുജറാത്തിൽ മുന്നേറുമ്പോൾ ഇന്ത്യയിലെ ഏറ്റവും കരുത്തനായ ജനസ്വീകാര്യതയുമുള്ള നേതാവായി നരേന്ദ്ര മോദി തുടരുകയാണ്. 

ഗുജറാത്തിൽ ഇരുപത്തിയേഴ് കൊല്ലമായി അധികാരത്തിലിരിക്കുന്ന ബിജെപിക്ക് ഇത്തവണ രണ്ട് ഏതിരാളികളെ നേരിടാനുണ്ടായിരുന്നു. ആം ആദ്മി പാർട്ടിയുടെ സാന്നിധ്യം നഗരങ്ങളിൽ ബിജെപിയേയും ബാധിച്ചേക്കുമെന്ന ആശങ്ക ഉയർന്നിരുന്നു.  ഇത് നേരിടാനാണ് കൂടുതൽ റോഡ് ഷോകൾക്കായി മോദി ഗുജറാത്തിൽ എത്തിയത്. ഹിന്ദുത്വ രാഷ്ട്രീയത്തിൻറെ പരീക്ഷണശാലയിലെ ഈ വലിയ വിജയം രണ്ടായിരത്തി ഇരുപത്തിനാലിലേക്ക് കരുത്തോടെ നീങ്ങാൻ ബിജെപിയെ സഹായിക്കും. പാർട്ടിയിൽ മോദിയുടെയും അമിത് ഷായുടെയും സ്വാധീനം തുടരും. ഹിമാചലിലെ തോൽവി തിരിച്ചടി ആണെങ്കിലും മോദിയെ ഇത് നേരിട്ട് ബാധിക്കുന്നില്ല. 

എന്നാൽ ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയ്ക്ക് ഫലം വലിയ ക്ഷീണമാണ്. നദ്ദ നിശ്ചയിച്ച സ്ഥാനാർത്ഥികൾക്കെതിരെ പ്രാദേശിക വികാരം ഉയർന്നു. മന്ത്രി അനുരാഗ് താക്കൂർ പോലും അതൃപ്തനായിരുന്നു. ജെപി നദ്ദയുടെ കാലാവധി അടുത്തമാസം തീരാനിരിക്കെ ഇത് ബിജെപിക്കുള്ളിൽ എങ്ങനെ ചർച്ചയാകുമെന്നാണ് ഇനി അറിയേണ്ടത്. 

ഗുജറാത്തില്‍ ഏഴാം വട്ടം: ചരിത്രം തിരുത്തിക്കുറിച്ച് ബിജെപി, എക്കാലത്തെയും വലിയ സീറ്റ് നില

അതേ സമയം, കോൺഗ്രസിന് ഹിമാചൽ പിടിച്ചു നില്ക്കാനുള്ള വഴിയാണ്. തുടർച്ചയായി തോൽവികൾക്കു ശേഷമാണ് കോൺഗ്രസിൻറെ ഈ വിജയം. ബിജെപി ഇതര ക്യാംപിലെ പ്രധാന പാർട്ടിയായി തല്ക്കാലം കോൺഗ്രസ് തന്നെ തുടരും. എന്നാൽ ഗുജറാത്തിലെ കനത്ത തോൽലി കോൺഗ്രസിന് അപായ സൂചനകൾ നല്കുന്നതാണ്. ശക്തികേന്ദ്രമായിരുന്ന ഒരു സംസ്ഥാനത്തെ സ്വാധീനം കൂടി മറ്റൊരു പാർട്ടി പിടിക്കാനുള്ള സാധ്യത ഫലം തുറക്കുന്നു.  

സോണിയയുടെ അനുഗ്രഹം, പ്രിയങ്കയും ജോഡോ യാത്രയും സഹായമായി; ഹിമാചലിലെ വിജയത്തിൽ നന്ദിയറിയിച്ച് കോൺഗ്രസ് അധ്യക്ഷൻ

പ്രതീക്ഷിച്ച നേട്ടം ഉണ്ടായില്ലെങ്കിലും അരവിന്ദ് കെജ്രിവാളിന് ആഘോഷിക്കാം. ദില്ലിക്കും പഞ്ചാബിനും ശേഷം ഗുജറാത്തിലും അക്കൗണ്ട് തുറന്ന് ദേശീയ പാർട്ടിയാകുന്നതോടെ ആപിന് കൂടുതൽ സംസ്ഥാനങ്ങൾ ലക്ഷ്യമാക്കി ഇനി നീങ്ങാം. ഹരിയാനയിലും മധ്യപ്രദേശിലും രാജസ്ഥാനിലുമൊക്കെ എഎപിക്ക് ഇടമുണ്ട്. എല്ലായിടത്തും പടരാനുള്ള സാധ്യത ഉടനില്ലെങ്കിലും ഇന്ത്യയുടെ രാഷ്ട്രീയ ചിത്രം മാറ്റാനുള്ള നീക്കം തുടങ്ങാനുള്ള കരുത്ത് ഫലം കെജ്രരിവാളിന് നല്കുന്നു. 

 

Follow Us:
Download App:
  • android
  • ios