സംഭവ സ്ഥലത്തുണ്ടായ പൊലീസുകാര്‍ ഉടന്‍ തന്നെ ഇടപെട്ടെങ്കിലും. ഭരത്സിങ് സോളങ്കി മഷി എറിഞ്ഞയാള്‍ സ്വന്തം പാര്‍ട്ടിക്കാരനായതിനാല്‍ തനിക്ക് പരാതിയില്ലെന്നാണ് പൊലീസിനോട് പറഞ്ഞത്. 

അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഭരത്സിങ് സോളങ്കിക്കെതിരെ മഷിയാക്രമണം. വരുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ അച്ഛന് സീറ്റ് നിഷേധിച്ചതില്‍ പ്രകോപിതനായ നേതാവിന്‍റെ മകനാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം. ഗുജറാത്തിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിന് പുറത്തായിരുന്നു സംഭവം.

കോണ്‍ഗ്രസിന്‍റെ ഗുജറാത്തിലെ ആസ്ഥാന മന്ദിരമായ രാജീവ് ഭവനില്‍ പത്ര സമ്മേളനം നടത്തി പുറത്തിറങ്ങുകയായിരുന്നു ഭരത്സിങ് സോളങ്കി. സോളങ്കിയുടെ വസ്ത്രം മുഴുവന്‍ മഷി കുടഞ്ഞുവെന്നാണ് പൊലീസും, പാര്‍ട്ടി പ്രവര്‍ത്തകരും പറയുന്നത്. 

"കോണ്‍ഗ്രസ് നേതാവിനെ ആക്രമിച്ച വ്യക്തിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ഇദ്ദേഹത്തിന്‍റെ പിതാവിന് എല്ലിസ്ബ്രിഡ്ജ് നിയമസഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റ് നിഷേധിച്ചതാണ് മഷി ആക്രമണത്തിന് പ്രകോപനമായത്" - എല്ലിസ്ബ്രിഡ്ജ് പൊലീസ് ഇന്‍സ്പെക്ടര്‍ ബി ജി ചെതാരിയയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

സംഭവ സ്ഥലത്തുണ്ടായ പൊലീസുകാര്‍ ഉടന്‍ തന്നെ ഇടപെട്ടെങ്കിലും. ഭരത്സിങ് സോളങ്കി മഷി എറിഞ്ഞയാള്‍ സ്വന്തം പാര്‍ട്ടിക്കാരനായതിനാല്‍ തനിക്ക് പരാതിയില്ലെന്നാണ് പൊലീസിനോട് പറഞ്ഞത്. റോമിൻ സുത്താർ എന്ന പാര്‍ട്ടി പ്രവര്‍ത്തകനാണ് മഷി എറിഞ്ഞത്. തന്‍റെ പിതാവ് രശ്മികാന്ത് സുതാറിന് കോണ്‍ഗ്രസ് എല്ലിസ്ബ്രിഡ്ജ് മണ്ഡലത്തില്‍ അവസരം നല്‍കാത്തതിനാലാണ് ഇത് ചെയ്തത് എന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. പൊലീസ് ഇയാളെ ആദ്യം കസ്റ്റഡിയില്‍ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. 

രണ്ടു തവണ ഗുജറാത്തിലെ ആനന്ദ് മണ്ഡലത്തില്‍ നിന്നും ലോക്സഭ അംഗമായ വ്യക്തിയാണ് ഭരത്സിങ് സോളങ്കി. 2015 മുതല്‍ 2018വരെ ഗുജറാത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റായിരുന്നു സോളങ്കി. യുപിഎ കാലത്ത് റെയില്‍വേയുടെ അടക്കം കേന്ദ്ര സഹമന്ത്രിയായിരുന്നു ഇദ്ദേഹം.

നവംബര്‍ നാലിനാണ് എല്ലിസ്ബ്രിഡ്ജ് മണ്ഡലം അടക്കം 43 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് ഭിഖു ദവേയെയാണ് എല്ലിസ്ബ്രിഡ്ജ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാക്കിയത്. 2017 ല്‍ ബിജെപിയിലെ രാജേഷ് ഷായാണ് ഈ മണ്ഡലത്തില്‍ വിജയിച്ചത്. ഗുജറാത്ത് നിയമസഭയിലെ 182 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി ഡിസംബര്‍ 1,5 തീയതികളില്‍ നടക്കും. ഡിസംബര്‍ 8നാണ് വോട്ടെണ്ണല്‍.

കെജ്രിവാള്‍ 'ആപ്പ്' വയ്ക്കുന്നത് ആര്‍ക്ക്, കോൺഗ്രസിനോ ബിജെപിയ്‍ക്കോ ?; ഗുജറാത്തില്‍ ആര് വാഴും...

'കോണ്‍ഗ്രസ് ബിജെപിയുടെ ഭാര്യയെ പോലെ'; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഫണ്ട് ചെയ്യുന്നത് ബിജെപിയെന്ന് കെജ്‍രിവാള്‍