Asianet News MalayalamAsianet News Malayalam

ജമ്മു കശ്മീര്‍; സൈനികവിന്യാസത്തില്‍ ദുരൂഹത, കേന്ദ്രസര്‍ക്കാര്‍ വിദ്വേഷം പ്രചരിപ്പിക്കുന്നെന്നും കോണ്‍ഗ്രസ്

"അമർനാഥ് തീര്‍ത്ഥാടനം റദ്ദാക്കിയതിനെ ന്യായീകരിക്കാനാവില്ല. ഒരു കുഴിബോംബ് കിട്ടിയതിന്റെ പേരിൽ അമര്‍നാഥ് യാത്ര റദ്ദാക്കാനാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍  ജനങ്ങളെ പരിഭ്രാന്തിയിലാക്കുകയാണ്."

gulam nabi azad said that central government is spreading fear with  advisory in kashmir
Author
Delhi, First Published Aug 3, 2019, 6:09 PM IST

ദില്ലി: ജമ്മു കശ്മീരില്‍ പ്രത്യേക സാഹചര്യമില്ലാതെ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ആരോപിച്ചു. അമർനാഥ് തീര്‍ത്ഥാടനം റദ്ദാക്കിയതിനെ ന്യായീകരിക്കാനാവില്ല. ഒരു കുഴിബോംബ് കിട്ടിയതിന്റെ പേരിൽ അമര്‍നാഥ് യാത്ര റദ്ദാക്കാനാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍  ജനങ്ങളെ പരിഭ്രാന്തിയിലാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പുൽവാമ ഒഴിച്ചാൽ ഈ വർഷം കാര്യമായ ആക്രമണങ്ങളൊന്നും കശ്മീരിൽ ഉണ്ടായിട്ടില്ല. അപ്പോള്‍പ്പിന്നെ പ്രത്യേക സാഹചര്യം ഇല്ലാതെ കൂടുതൽ സൈന്യത്തെ വിന്യസിച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് ഗുലാം നബി ആസാദ് പറഞ്ഞത്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ അതീവജാഗ്രതാ നിര്‍ദ്ദേശത്തില്‍ ജമ്മു കശ്മീരിലെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. വിനോദസഞ്ചാരികളെ പോലും തിരികെവിളിച്ചുകൊണ്ടുള്ള തരത്തിലൊരു മുന്നറിയിപ്പ് കഴിഞ്ഞ കാലത്തൊന്നും ഉണ്ടായിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ ഇതിലൂടെ ജനങ്ങള്‍ക്കിടയില്‍ ഭയവും വിദ്വേഷവും പ്രചരിപ്പിക്കുകയാണെന്നും ഗുലാം നബി ആസാദ് ആരോപിച്ചു.

കഴിഞ്ഞ 70 വർഷത്തിനിടയിൽ ഇതുപോലൊരു സാഹചര്യം കശ്മീരിൽ കണ്ടിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് കരൺ സിംഗ് പറഞ്ഞു. ഈ അസാധാരണ സാഹചര്യത്തിന്റെ കാരണമെന്താണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജമ്മുകശ്മീരിൽ സർക്കാർ അസാധാരണ സാഹചര്യം ബോധപൂർവം  സൃഷ്ടിക്കുകയാണെന്ന്  ആനന്ദ് ശർമയും കുറ്റപ്പെടുത്തി. 

Read More: കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ അനാവശ്യമായി പരിഭ്രാന്തിയിലാക്കുകയാണെന്ന് ഒമര്‍ അബ്ദുള്ള

കശ്മീരില്‍ പൊടുന്നനെയുണ്ടായ സൈനികവിന്യാസവും അതീവ ജാഗ്രതാ നിര്‍ദ്ദേശവും സംസ്ഥാനത്തെ സാധാരണ ജനങ്ങളെ വല്ലാത്ത ഭീതിയിലാഴ്ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അപ്രതീക്ഷിതമായ തീരുമാനങ്ങളോ പ്രഖ്യാപനങ്ങളോ ഉടനെയുണ്ടാവും എന്ന അഭ്യൂഹം സംസ്ഥാനത്ത് വളരെ ശക്തമാണ്. സ്വാതന്ത്ര്യദിനം പ്രമാണിച്ചുള്ള സാധാരണ സുരക്ഷാ നടപടികളാണ് ഇതെന്നും അതല്ല നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായുള്ള സൈനികവിന്യാസമാണെന്നും പലരും കരുതുന്നു. 

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പും കശ്മീര്‍ നിയമസഭയ്ക്കും അവിടുത്തെ ജനങ്ങള്‍ക്കും സവിശേഷ അധികാരങ്ങള്‍ നല്‍കുന്ന 35- എ വകുപ്പും എടുത്തു കളയുന്ന പ്രഖ്യാപനം ഉടനെയുണ്ടാവും എന്നും അഭ്യൂഹങ്ങളുണ്ട്. വളരെക്കാലമായി ബിജെപി മുന്നോട്ട് വയ്ക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളിലൊന്നാണ് ഇത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങ‍ള്‍ക്കും ഒരേ പ്രാധാന്യമാണെന്നും ഒരു രാജ്യത്ത് പലതരം ഭരണഘടന വേണ്ടെന്നുമുള്ള അഭ്യന്തര മന്ത്രി അമിത്ഷായുടെ ലോക്സഭയിലെ പ്രസ്താവനയും ഈ അഭ്യൂഹത്തെ ശക്തിപ്പെടുത്തുന്നതാണ്.

Follow Us:
Download App:
  • android
  • ios