ദില്ലി: ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചെന്ന കേന്ദ്രസര്‍ക്കാര്‍ വാദം തെറ്റാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.  സ്വന്തം നാട് ആയിട്ടുപോലും, തനിക്ക് കശ്മീരിലേക്ക്  പോകാൻ സുപ്രീം കോടതിയുടെ ഇടപെടൽ വേണ്ടി വന്നു. കശ്മീരില്‍ നിയന്ത്രണങ്ങൾ ഇല്ലങ്കിൽ മൊബൈൽ ഫോണ്‍, ഇൻറർനെറ്റ് സംവിധാനങ്ങൾ ലഭ്യമാകാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

പുനസംഘടനയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കശ്മീരിന്‍റെ സമ്പദ്‍വ്യവസ്ഥയെ തകര്‍ത്തെന്ന് ഗുലാം നബി ആസാദ് ആരോപിച്ചു. കശ്മീരിലെ സ്ഥിതിഗതികള്‍ ഗുരുതരമാണ്. സര്‍ക്കാര്‍ ഗസ്റ്റ്ഹൗസുകള്‍ ജയിലുകളാക്കി മാറ്റിയിരിക്കുകയാണ്. സുപ്രീംകോടതിയുടെ ഉത്തരവുണ്ടായിട്ടും തന്‍റെ സന്ദര്‍ശനത്തിന് വിലക്കുണ്ടായി. പലയിടങ്ങളിലേക്കും പോകാന്‍ സാധിച്ചില്ല. 

കശ്മീരിലെ ജനങ്ങള്‍ പട്ടിണി കിടന്ന് മരിക്കേണ്ട സ്ഥിതിവിശേഷമാണുള്ളത്. അവശ്യവസ്തുക്കള്‍ അവര്‍ക്ക് ലഭിക്കുന്നില്ല. കശ്മീരിലെ ജനങ്ങള്‍ക്ക് മരുന്നും ഭക്ഷണസാധനങ്ങളും ആറു മാസത്തേക്ക് സൗജന്യമായി നല്‍കണമെന്നും ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു.

ജമ്മു കശ്മീരില്‍ യാതരുവിധ നിയന്ത്രണങ്ങളുമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. കശ്മീരില്‍ സ്ഥിത ശാന്തമാണ്. പ്രതിപക്ഷം ജമ്മു കശ്മീരിനെക്കുറിച്ച് വ്യാജപ്രചാരണം അഴിച്ചുവിടുകയാണെന്നും അമിത് ഷാ ആരോപിച്ചു.

Read Also: 'കശ്മീരിൽ എവിടെ നിയന്ത്രണങ്ങൾ?', പ്രതിപക്ഷത്തെ കടന്നാക്രമിച്ച് അമിത് ഷാ

അതേസമയം, ജമ്മു കശ്മീരുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന് വിട്ടു. സിപിഎം നേതാവ് മുഹമമ്ദ് യൂസഫ് താരിഗാമി നല്‍കിയതടക്കമുള്ള ഹര്‍ജികള്‍ കോടതി നാളെ പരിഗണിക്കും.

Read Also: കശ്മീരുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ഭരണഘടനാ ബഞ്ചിന് വിട്ടു; നാളെ പരിഗണിക്കും

അയോധ്യ കേസില്‍ തുടര്‍ച്ചയായി വാദം കേള്‍ക്കുന്നതിനാല്‍ കശ്മീര്‍ ഹര്‍ജികള്‍ പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കശ്മീരുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും എന്‍വി രമണ തലവനായ അഞ്ചംഗ ഭരണഘടന ബഞ്ചിന് വിട്ടത്. 

Read Also: കശ്മീര്‍ കേസ് കേള്‍ക്കാന്‍ സമയമില്ല, അയോധ്യക്കേസില്‍ വാദം കേള്‍ക്കണം: സുപ്രീം കോടതി ചീഫ് ജസ്റ്റിസ്