ഔലി: ആഢംബര വിവാഹം അവശേഷിപ്പിച്ച മാലിന്യക്കൂമ്പാരം നീക്കം ചെയ്യാനുള്ള ചെലവ് വിവാഹം നടത്തിയവരില്‍ നിന്ന് ഈടാക്കാന്‍ തീരുമാനിച്ച് നഗരസഭ. 200 കോടി രൂപയായിരുന്നു ഹിമാലയന്‍ വിനോദ സഞ്ചാര മേഖലയായ ഔലിയില്‍ നടന്ന  വിവാഹത്തിന് ചെലവായത്. ജൂലൈ ഏഴിനകം ഔലിയില്‍ നിക്ഷേപിച്ച മാലിന്യങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നൈനിറ്റാള്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ജൂണ്‍ 18 മുതല്‍ 22 വരെയായിരുന്നു അജയ് ഗുപ്തയുടെ മകന്‍ സൂര്യകാന്തിന്‍റെ വിവാഹം. 20 മുതല്‍ 22 വരെ അതുല്‍ ഗുപ്തയുടെ മകന്‍ ശശാങ്കിന്‍റെ വിവാഹവും നടന്നു.  ഓലിയില്‍ നടക്കുന്ന ഈ കൂറ്റന്‍ വിവാഹാഘോഷം പ്രകൃതിയെ നശിപ്പിക്കുന്നുവെന്ന് ആരോപിച്ച് സാമൂഹ്യപ്രവര്‍ത്തകര്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഏറെ വിവാദങ്ങള്‍ക്കിടയിലായിരുന്നു വിവാഹങ്ങള്‍. 

വിവാഹം ബാക്കിയാക്കിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള ചെലവിനായി ഇതിനോടകം തന്നെ 54000 രൂപ അജയ് ഗുപ്തയില്‍ നിന്നും അതുല്‍ ഗുപ്തയില്‍ നിന്നും ഈടാക്കി. എന്നാല്‍ മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യാനുള്ള തുകയും ഇവരില്‍ നിന്ന് ഈടാക്കണമെന്നാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്. 

ഇതുവരെ 150 ക്വിന്‍റല്‍ മാലിന്യങ്ങളാണ് നഗരസഭ നീക്കം ചെയ്തത്. കേവലം 150 പേര്‍ക്ക് മാത്രം പങ്കെടുക്കാന്‍ അനുവാദം നല്‍കിയ വിവാഹത്തിലാണ് ഇത്രയും മാലിന്യങ്ങള്‍ പുറന്തള്ളിയത്. നഗരസഭയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യമായ മുഴുവന്‍ തുകയും നല്‍കാമെന്ന് ഗുപ്ത കുടുംബം അറിയിച്ചു.