ദില്ലിയില്‍ ബിജെപി അധികാരം പിടിക്കുമെന്നും തെരഞ്ഞെടുപ്പ് റാലിയില്‍ അമിത് ഷാ പറഞ്ഞു. 

ദില്ലി: പൗരത്വ നിയമത്തെ എതിര്‍ക്കുന്നവര്‍ക്കുള്ള ഉത്തരമാണ് പാകിസ്ഥാനിലെ നങ്കന സാഹിബിന് എതിരായ ആക്രമണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ദില്ലിയില്‍ ബിജെപിയുടെ തെര‍ഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ആം ആദ്‍മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളും പൗരത്വ നിയമഭേദഗതിയെ എതിര്‍ക്കുന്നവരാണ്. പാകിസ്ഥാനിലെ നങ്കന സാഹിബ് ഗുരുദ്വാരയ്ക്ക് നേരെ നടന്ന ആക്രമണത്തിലേക്ക് ഞാനിവരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. പൗരത്വ നിയമഭേദഗതിയെ എതിര്‍ക്കുന്ന എല്ലാവര്‍ക്കുമുള്ള മറുപടിയാണത്. 

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനങ്ങളെ ഇളകി വിടുകയാണ്. പൗരത്വ നിയമഭേദഗതി മൂലം രാജ്യത്തെ ന്യൂനപക്ഷവിഭാഗത്തിന് പൗരത്വം നഷ്ടപ്പെടും എന്ന് അവര്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ആരുടേയും പൗരത്വം റദ്ദാക്കാനുള്ള അധികാരം പൗരത്വ നിയമഭേദഗതിക്ക് ഇല്ല. നിങ്ങള്‍ നങ്കന ഗുരുസാഹിബ് ആക്രമിക്കപ്പെട്ട സംഭവം ശ്രദ്ധിക്കൂ. അവര്‍ എങ്ങനെയാണ് അവിടെ ആക്രമിക്കപ്പെട്ടത്. ഇന്ത്യയില്‍ അല്ലെങ്കില്‍ പിന്നെ എവിടെയാണ് നമ്മുടെ സിഖ് സഹോദരങ്ങള്‍ അഭയം തേടുക. 

പ്രസംഗത്തില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരേയും ശക്തമായ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. അഞ്ച് വര്‍ഷം മുന്‍പ് ഒരു കൂട്ടം വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചാണ് കെജ്രിവാള്‍ അധികാരത്തില്‍ എത്തിയതെന്നും ഒരാള്‍ക്ക് ഒരുതവണ ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ പറ്റുമെന്നും എന്നാല്‍ എപ്പോഴും അതു നടക്കില്ലെന്നും അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃമികവില്‍ ദില്ലിയില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു.