മാലേര്‍കൊട്ല(പഞ്ചാബ്): ലോക്ക് ഡൌണ്‍ കാലത്ത് വീണ്ടുമൊരു അനുകരണീയമായ  മാതൃക. പഞ്ചാബിലെ മാലേര്‍കൊട്ലയിലെ മദ്രസയില്‍ പട്ടിണിയിലായ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണമെത്തിച്ച് സമീപത്തെ ഗുരുദ്വാര. ലുധിയാന സാംഗ്രൂര്‍ ദേശീയ പാതയിലുള്ള ഹാ ദാ നാരാ സാഹിബ് ഗുരുദ്വാരയാണ് ഉദ്യമത്തിന് പിന്നില്‍. കൊവിഡ് 19 വ്യാപനം തടയാനായി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതോടെ മദ്രസയിലെ നിരവധി വിദ്യാര്‍ഥികളെ തിരികെ വീട്ടിലേക്ക് അയച്ചിരുന്നു. എന്നാല്‍ നാല്‍പത് വിദ്യാര്‍ഥികള്‍ വീടുകളിലേക്ക് മടങ്ങാനാവാതെ മദ്രസയില്‍ കുടുങ്ങുകയായിരുന്നു.

ഉത്തര്‍ പ്രദേശ്, ബീഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് മദ്രസയില്‍ കുടുങ്ങിയത്. ഗുരുദ്വാരയില്‍ നിന്നും ഒരുകിലോമീറ്റര്‍ അകലെയുള്ള മദ്രസയിലെ കുട്ടികള്‍ വിശന്നിരിക്കുകയാണെന്ന് അറിഞ്ഞതോടെ ഗുരുദ്വാരയുടെ ചുമതലയുള്ള ഭായ് നരിന്ദര്‍ പല്‍ സിംഗിന്‍റെ നേതൃത്വത്തിലാണ് ഭക്ഷണമെത്തിച്ചത്. അവര്‍ക്ക് ഭക്ഷണമെത്തിക്കുകയെന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ഒരു കുട്ടിയും വിശന്നിരിക്കാന്‍ അവസരമൊരുക്കിലെന്നും ഗുരുദ്വാരയിലെ അധികൃതര്‍ പറഞ്ഞു.

പെട്ടന്നുള്ള കര്‍ഫ്യൂ പ്രതീക്ഷിച്ചത് അല്ലായിരുന്നു. ആവശ്യത്തിന് കരുതല്‍ നടത്താന്‍ അവസരം ലഭിച്ചില്ല. ട്രെയിനുകളും മറ്റ് പൊതുഗതാഗത മാര്‍ഗങ്ങള്‍ കൂടി നിലച്ചതോടെ അകലെ നിന്നുള്ള വിദ്യാര്‍ഥികളെ തിരികെ അയക്കാന്‍ സാധിക്കാതെ വരികയായിരുന്നുവെന്ന് മദ്രസയുടെ ചുമതലയുള്ള മൌലവി ജനാബ് സലിം പറയുന്നു. ഗുരുദ്വാര കമ്മിറ്റിയോട് നന്ദിയുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ അവര്‍ നല്‍കിയ സഹായം മറക്കാനാവത്തതാണെന്നും മൌലവി പ്രതികരിക്കുന്നു.

ലോക്ക് ഡൌണില്‍ ഭക്ഷണമില്ലാതെ കഷ്ടപ്പെടുന്ന കുടിയേറ്റ തൊഴിലാളികള്‍ അടക്കമുള്ള ആയിരം ആളുകള്‍ക്ക് രണ്ട് നേരം ഭക്ഷണമെത്തിക്കുന്നുണ്ട് ഹാ ദാ നാരാ സാഹിബ് ഗുരുദ്വാര. നാട്ടുകാരുടെ സഹകരണത്തോടെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.