ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി സഖ്യമായി മത്സരിക്കുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. 181 സീറ്റുകൾ കോൺഗ്രസ് ആവശ്യപ്പെട്ടതായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് വെളിപ്പെടുത്തി. സീറ്റ് വിഭജന ചർച്ചകൾ വൈകാതെ ആരംഭിക്കും.

ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി സഖ്യമുണ്ടാക്കി മത്സരിക്കുമെന്ന് കോൺഗ്രസ് നേതൃത്വം സൂചന നൽകി. ഉത്തർപ്രദേശിൽ ഇന്ത്യ സഖ്യത്തിലെ പങ്കാളികളുമായി ചേർന്ന് ബിജെപിയെ പരാജയപ്പെടുത്തുമെന്ന് കെസി വേണുഗോപാൽ പറഞ്ഞു. സംസ്ഥാനത്ത് അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിൽ മത്സരിക്കുന്നതിന് കോൺഗ്രസ് 181 സീറ്റുകളാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന പരിപാടിയിൽ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സഖ്യസാധ്യത സൂചന നൽകി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും പ്രതികരിച്ചത്.

സഖ്യകക്ഷികളിൽ മാറ്റമൊന്നുമുണ്ടാകില്ലെന്നും ഇന്ത്യാ മുന്നണി ഒറ്റക്കെട്ടായി പൊരുതി ബിജെപിയെ പരാജയപ്പെടുത്തുമെന്നും അഖിലേഷ് യാദവ് വ്യക്തമാക്കിയിരുന്നു. എന്നാൽ കോൺഗ്രസ് ആവശ്യപ്പെട്ട അത്രയും സീറ്റുകൾ നൽകാനാവില്ലെന്ന നിലപാടിലാണ് സമാജ്‌വാദി പാർട്ടി (എസ്‌പി). സംസ്ഥാനത്തെ 403 നിയമസഭ സീറ്റുകളിൽ 181 എണ്ണത്തിൽ മത്സരിക്കാൻ ആവശ്യപ്പെട്ട കോൺഗ്രസ്, സംസ്ഥാനത്ത് ഇന്ത്യ മുന്നണിക്ക് ഭരണം കിട്ടിയാൽ സർക്കാരിൽ തുല്യ പങ്കാളിത്തവും ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തർപ്രദേശിൽ മുതിർന്ന നേതാക്കളുമായി തെരഞ്ഞെടുപ്പ് സാഹചര്യം കെസി വേണുഗോപാൽ ചർച്ച ചെയ്തു. മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ ഇന്നത്തെ യോഗത്തിൽ പങ്കെടുത്തു. സമാജ്‌വാദി പാർട്ടിയും കോൺഗ്രസും തമ്മിൽ സീറ്റ് ധാരണയായിട്ടില്ല. ഇതിൻ്റെ ചർച്ചകൾ വൈകാതെ തുടങ്ങും.

സീറ്റുകളുടെ എണ്ണത്തേക്കാൾ സ്ഥാനാർത്ഥികളുടെ വിജയസാധ്യതയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തന്നെ കോൺഗ്രസ് ആവശ്യപ്പെട്ട അത്രയും സീറ്റ് എസ്‌പി ഒഴിഞ്ഞുകൊടുക്കുമോയെന്ന് വ്യക്തമല്ല. എത്ര സീറ്റുകളിൽ മത്സരിക്കണമെന്ന് സമാജ്‌വാദി പാർട്ടി തീരുമാനിച്ചു കഴിഞ്ഞതായും അഖിലേഷ് യാദവ് പറഞ്ഞിട്ടുണ്ട്. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.പിയിലെ 80 സീറ്റുകളിൽ 43 എണ്ണവും നേടി ഇന്ത്യാ മുന്നണി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അന്ന് 17 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 6 സീറ്റുകളിലും എസ്.പി 37 സീറ്റുകളിലുമാണ് വിജയിച്ചത്. എന്നാൽ 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്ത് സഖ്യധാരണ ഉണ്ടായിരുന്നില്ല. ഒറ്റയ്ക്ക് 399 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് 2 സീറ്റുകൾ മാത്രമാണ് നേടാനായത്. 387 മണ്ഡലങ്ങളിലും പാർട്ടിക്ക് കെട്ടിവെച്ച പണം നഷ്ടമായിരുന്നു.