ഹാമിലിന്റെ അച്ഛനും മറ്റു രണ്ട് ബന്ധുക്കളുമാണ് റഷ്യയിലേക്ക് തിരിച്ചത്. യുദ്ധത്തിൽ ഹാമിൽ മരിച്ച് 18 ദിവസങ്ങൾക്ക് ശേഷമാണ് കുടുംബത്തിന്റെ യാത്ര. ഫെബ്രുവരിയിലാണ് ഗുജറാത്ത് സൂറത്ത് സ്വദേശിയായ 23കാരന്‍ ഹാമില്‍ മംഗുകിയ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ദില്ലി: യുക്രൈനുമായുള്ള യുദ്ധത്തിനിടെ റഷ്യന്‍ സൈന്യത്തില്‍ സഹായിയായി പ്രവര്‍ത്തിച്ച് കൊല്ലപ്പെട്ട ഇന്ത്യക്കാരന്‍ ഹാമില്‍ മംഗുകിയ എന്ന യുവാവിന്റെ മൃതദേഹം ഏറ്റുവാങ്ങാനായി കുടുംബാംഗങ്ങൾ മോസ്കോയിലേക്ക് പുറപ്പെട്ടു. ഹാമിലിന്റെ അച്ഛനും മറ്റു രണ്ട് ബന്ധുക്കളുമാണ് റഷ്യയിലേക്ക് തിരിച്ചത്. യുദ്ധത്തിൽ ഹാമിൽ മരിച്ച് 18 ദിവസങ്ങൾക്ക് ശേഷമാണ് കുടുംബത്തിന്റെ യാത്ര. ഫെബ്രുവരിയിലാണ് ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ 23കാരന്‍ ഹാമില്‍ മംഗുകിയ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഇന്നലെയാണ് ഹാമിലിയുടെ അച്ഛൻ അശ്വിനും സഹോദരനും ബന്ധുവും മോസ്കോയിലേക്ക് തിരിച്ചത്. മുംബൈയിലേക്ക് ട്രെയിൻ മാർഗമെത്തി അവിടെ നിന്ന് വിമാനമാർഗമാണ് മോസ്കോയിലേക്ക് പോവുന്നത്. രണ്ടു ദിവസത്തിനുള്ളിൽ മോസ്കോയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരപരാധികളായ യുവാക്കളെ കൊണ്ടുപോയി യുദ്ധത്തിൽ പങ്കെടുപ്പിക്കുകയാണ് ഏജന്റുമാർ ചെയ്യുന്നതെന്നും അവരെ പിടികൂടി ശിക്ഷിക്കണമെന്നും അശ്വിൻ പറഞ്ഞു. ഫെബ്രുവരി 18നാണ് ഹാമിൽ കൊല്ലപ്പെടുന്നത്. രണ്ടു ദിവസത്തിന് ശേഷമാണ് മരണവാർത്ത കുടുംബത്തെ അറിയിച്ചത്. ഇന്ത്യൻ എംബസ്സിയുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരുന്നുവെന്നും മകൻ മരിച്ച് 18 ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള തീരുമാനം ഉണ്ടായതെന്നും അശ്വിൻ പറഞ്ഞു. റഷ്യയിൽ എന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ച് ഞങ്ങൾക്കൊരു ധാരണയുമില്ല. മകന്റെ അവസാന നാളുകൾ ജന്മനാട്ടിൽ വെച്ച് തന്നെയാവണമെന്നാണ് ആഗ്രഹമെന്നും അച്ഛൻ അശ്വിൻ കൂട്ടിച്ചേർത്തു.
യുക്രൈനുമായുള്ള യുദ്ധത്തിനിടെ റഷ്യന്‍ സൈന്യത്തില്‍ സഹായിയായി പ്രവര്‍ത്തിച്ച ഒരു ഇന്ത്യക്കാരന്‍ കൂടി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. ഹൈദരാബാദ് സ്വദേശിയായ 30കാരന്‍ മുഹമ്മദ് അസ്ഫാന്‍ ആണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, റഷ്യയിലെ യുദ്ധ മേഖലയില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരുടെ മറ്റൊരു വീഡിയോ കൂടി പുറത്തുവന്നിരുന്നു. യുക്രൈനെതിരെ യുദ്ധം ചെയ്യാന്‍ റഷ്യന്‍ സൈന്യം നിര്‍ബന്ധിക്കുന്നുവെന്ന് ആരോപിച്ച് ഏഴു പേരാണ് രംഗത്തെത്തിയത്. പഞ്ചാബ് സ്വദേശി രവ്‌നീത് സിംഗ് എന്ന യുവാവും സംഘവുമാണ് തങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വീഡിയോ പുറത്തുവിട്ടത്.
അതേസമയം, റഷ്യൻ യുദ്ധമേഖലയിലേക്കുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾ മൂന്ന് മലയാളികളാണ്. തിരുവനന്തപുരം സ്വദേശികളാണ് മൂന്ന് പേരടക്കം ആകെ 19 പേരെയാണ് സിബിഐ പ്രതിചേർത്തത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് തിരുവനന്തപുരം അടക്കം ഏഴ് നഗരങ്ങളിൽ സിബിഐ പരിശോധന നടത്തിയിരുന്നു. ജോലിയുടെ പേരിൽ ആകർഷകമായ ശമ്പളം വാഗ്ദാനം നൽകി റഷ്യൻ യുദ്ധ മേഖലകളിലേക്ക് അടക്കം യുവാക്കളെ അയച്ച സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. തിരുവനന്തപുരത്തിന് പുറമേ ദില്ലി, മുംബൈ, അംബാല, ചണ്ഡീഗഡ്, മധുര, ചെന്നൈ ഉൾപ്പെടെ 13 ഇടങ്ങളിൽപരിശോധന നടന്നു. റെയ്ഡിൽ അൻപത് ലക്ഷം രൂപയും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടിയിരുന്നു. വിവിധ വിസ കൺസൾട്ടൻസി സ്ഥാപനങ്ങൾക്കും ഏജൻ്റുമാർക്കുമെതിരെയാണ് കേസെടുത്ത് അന്വേഷണം നടക്കുന്നത്.
