Asianet News MalayalamAsianet News Malayalam

'ഹര്‍ ഘര്‍ തിരംഗ'യെ നെഞ്ചേറ്റി രാജ്യം; വിറ്റത് 30 കോടി ദേശീയ പതാകകള്‍, കോടികളുടെ വരുമാനം

എല്ലാ വീടുകളിലും സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ അന്തരീക്ഷം എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഒപ്പം ജനങ്ങളെയാകെ വജ്ര ജയന്തിയിൽ പങ്കാളിയാക്കാനും ഇതിലൂടെ ശ്രമിച്ചു.

Har Ghar Tiranga campaign great impact sold over 30 crore national flags
Author
Delhi, First Published Aug 16, 2022, 12:34 PM IST

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത 'ഹര്‍ ഘര്‍ തിരംഗ' ക്യാമ്പയിനെ നെഞ്ചേറ്റി ഇന്ത്യ. 30 കോടിയിലധികം ദേശീയ പതാകകളാണ് ഇത്തവണ വിറ്റു പോയതെന്നാണ് കണക്കുകള്‍. ഇതില്‍ നിന്ന് ഏകദേശം 500 കോടിയുടെ വരുമാനമാണ് ഉണ്ടായിട്ടുള്ളതെന്ന് കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് അറിയിച്ചു. വീടുകളില്‍ ഉള്‍പ്പെടെ ദേശീയ പതാക ഉയര്‍ത്തണമെന്ന ആഹ്വാനത്തോടെ ജൂലൈ 22നാണ് പ്രധാന മന്ത്രി 'ഹര്‍ ഘര്‍ തിരംഗ' ക്യാമ്പയിന്‍ പ്രഖ്യാപിച്ചത്.

ഓഗസ്റ്റ് 13ന് ആരംഭിച്ച് സ്വാതന്ത്ര്യ ദിനം വരെ വീടുകളിലും സ്ഥാപനങ്ങളിലും പതാക ഉയർത്താനുള്ള ആഹ്വാനമാണ് 'ഹർ ഘർ തിരംഗ' ക്യാമ്പയിനിലൂടെ നല്‍കിയത്. എല്ലാ വീടുകളിലും സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ അന്തരീക്ഷം എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഒപ്പം ജനങ്ങളെയാകെ വജ്ര ജയന്തിയിൽ പങ്കാളിയാക്കാനും ഇതിലൂടെ ശ്രമിച്ചു. വീട്ടിലുയർത്തിയ പതാകയുമൊത്ത് സെൽഫിയെടുത്ത ശേഷം 'ഹർ ഘർ തിരംഗ' എന്ന വെബ്സൈറ്റിൽ ഇത് അപ്‍ലോഡ് ചെയ്യാനും അവസരം ഒരുക്കി.

ഇത്തരത്തില്‍ അഞ്ച് കോടി ചിത്രങ്ങളാണ് അപ്‍ലോഡ് ചെയ്യപ്പെട്ടതെന്ന് സാംസ്കാരിക മന്ത്രാലയം അറിയിച്ചു. രാജ്യവ്യാപകമായി 'ഹര്‍ ഘര്‍ തിരിംഗ' ക്യാമ്പയിനോട് അനുബന്ധിച്ച് 3000 പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടുവെന്ന്  കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് ദേശീയ പ്രസിഡന്‍റ് ബി സി ഭര്‍ത്തിയ പറഞ്ഞു. 20 ദിവസത്തിനിടെ 30 കോടിയില്‍ അധികം പതാകകള്‍ നിര്‍മ്മിക്കാന്‍ സാധിച്ചു. ദേശീയ പതാക തയ്യാറാക്കുകയും വിൽക്കുകയും ചെയ്യുന്ന വ്യവസായികളും കച്ചവടക്കാരും കേന്ദ്ര സർക്കാരിന്റെ പതാക ക്യാമ്പയിനെ പ്രശംസിച്ച് രം​ഗത്തെത്തിയിരുന്നു.  

കമ്പനികൾക്ക് അവരുടെ സിഎസ്ആർ (കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി) ഫണ്ട്, ഹർ ​ഘര്‍ തിരം​ഗ ക്യാമ്പയിനായി ചെലവഴിക്കാൻ അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെയും പതാക നിർമ്മാതാക്കൾ പ്രശംസിച്ചു. കഴിഞ്ഞ വർഷം ഡെലിവർ ചെയ്ത ഓർഡറുകളെ അപേക്ഷിച്ച്, ഇത്തവണ ദേശീയ പതാകയുടെ ആവശ്യം പലമടങ്ങ് വർധിച്ചു. കൂടാതെ പതാക നിർമ്മാണത്തിനായി തൊഴിലാളികൾ രാവും പകലും നീണ്ട പ്രവര്‍ത്തനമാണ് നടത്തിയത്. കൊവിഡ് 19ന് ശേഷം തകർന്ന വിപണിക്ക് വലിയ ഉണർവ്വാണ് ക്യാമ്പയിന്‍ നല്‍കിയത്. ഇന്ത്യൻ തപാൽ വകുപ്പും ദേശീയ പതാക ഓൺലൈനിൽ വിൽപ്പന നടത്തിയിരുന്നു.  ഇതിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. 

ഹര്‍ ഘര്‍ തിരംഗ; പതാക ഉയര്‍ത്താന്‍ വീടില്ല, ജീവിക്കാനായി തെരുവുകളില്‍ പതാക വില്‍ക്കുന്ന കുരുന്നുകള്‍

Follow Us:
Download App:
  • android
  • ios