ദില്ലി: ഇന്ത്യന്‍ സൈന്യം അപമാനിക്കുന്നുവെന്ന ആരോപണവുമായി പാകിസ്ഥാന്‍ തടവില്‍നിന്ന് രക്ഷപ്പെട്ട സൈനികന്‍ രംഗത്ത്. സൈനികന്‍ ചന്ദു ചവാനാണ് ആരോപണവുമായി രംഗത്തെത്തിയത്. അതേസമയം ചവാന്‍റെ ആരോപണത്തെ സൈനിക വക്താക്കള്‍ തള്ളി. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടതിനാല്‍ അഞ്ച് പ്രാവശ്യം അച്ചടക്ക നടപടിക്ക് ഇയാള്‍ വിധേയനായിരുന്നുവെന്നും സൈന്യം അറിയിച്ചു.

എന്നാല്‍, പാകിസ്ഥാനില്‍നിന്ന് തിരിച്ചെത്തിയ തന്നെ സംശയത്തോടെയാണ് ഇന്ത്യന്‍ സൈന്യം കണ്ടത്. പലപ്പോഴും അപമാനിച്ചതിനാലാണ് ജോലി രാജിവെച്ചതെന്നും അദ്ദേഹം പറഞ്ഞു. ചവാന്‍ തന്‍റെ രാജിക്കത്ത് അഹ്‍മദ് നഗര്‍ കമാന്‍ഡര്‍ക്ക് അയച്ചുകൊടുത്തു.അച്ചടക്ക ലംഘന പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെ ചവാന്‍ യൂണിറ്റില്‍നിന്ന് ഒളിച്ചോടുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

ഒക്ടോബര്‍ മൂന്ന് മുതല്‍ അവധിക്ക് അപേക്ഷിക്കാതെ അവധിയെടുക്കുകയാണ്. കഴിഞ്ഞ മാസം ചവാന്‍ വാഹനാപകടത്തില്‍പ്പെട്ടിരുന്നു. ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്തപ്പോഴാണ് അപകടമുണ്ടായത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ചവാന്‍ പങ്കെടുത്തിരുന്നതെന്നും അധികൃതര്‍ ആരോപിച്ചു. 
2016ലാണ് ചവാന്‍ പാകിസ്ഥാന്‍ സൈന്യത്തിന്‍റെ പിടിയിലാകുന്നത്. നാല് മാസത്തെ കൊടിയ പീഡനത്തിന് ശേഷമാണ് ചവാനെ ഇന്ത്യക്ക് കൈമാറിയത്.