ഹർഭജൻ സിങ് പങ്കുവെച്ച ദൃശ്യങ്ങൾ പഞ്ചാബിലേത് അല്ലെന്നാണ് പഞ്ചാബ് പൊലീസിന്റെ വിശദീകരണം. ഹർഭജൻ സിങ് പങ്കുവെച്ച വീഡിയോ രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽനിന്നുള്ള ദൃശ്യങ്ങളാണെന്നും പഞ്ചാബ് പൊലീസിന്റെ ഫാക്ട് ചെക് വിഭാഗം അറിയിച്ചു.
ചണ്ഡീഗഢ്: മുൻ ക്രിക്കറ്റ് താരവും ബിജെപിയുടെ രാജ്യസഭ എംപിയുമായ ഹർഭജൻ സിങ് പങ്കുവെച്ച വീഡിയോ പഞ്ചാബിലെ ദൃശ്യങ്ങളല്ലെന്ന് പൊലീസിന്റെ സ്ഥിരീകരണം. സോംബി മയക്കുമരുന്ന് ഉപയോഗിച്ച പഞ്ചാബിലെ യുവാക്കളുടെ ദൃശ്യങ്ങളെന്ന് പറഞ്ഞാണ് ഹർഭജൻ സിങ് കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിൽ ഒരു വീഡിയോ പങ്കുവെച്ചത്. സോംബി മയക്കുമരുന്ന് ഉപയോഗിച്ച് നിശ്ചലാവസ്ഥയിലായവരെന്ന് അവകാശപ്പെട്ടാണ് ഹർഭജൻ സിങ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ മയക്കുമരുന്ന് വ്യാപനത്തിൽ പഞ്ചാബ് സർക്കാരിനെ കുറ്റപ്പെടുത്തിയ അദ്ദേഹം, യുവാക്കളെ ലഹരിയിൽനിന്ന് രക്ഷിക്കണമെന്നും കുറിച്ചിരുന്നു.
അതേസമയം, ഹർഭജൻ സിങ് പങ്കുവെച്ച ദൃശ്യങ്ങൾ പഞ്ചാബിലേത് അല്ലെന്നാണ് പഞ്ചാബ് പൊലീസിന്റെ വിശദീകരണം. ഹർഭജൻ സിങ് പങ്കുവെച്ച വീഡിയോ രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽനിന്നുള്ള ദൃശ്യങ്ങളാണെന്നും പഞ്ചാബ് പൊലീസിന്റെ ഫാക്ട് ചെക് വിഭാഗം അറിയിച്ചു. വീഡിയോയിലെ പഞ്ചാബി ഓഡിയോയും വീഡിയോയിലുള്ളവരുടെ വസ്ത്രധാരണവും കണ്ട് ഇത് പഞ്ചാബിൽ സംഭവിച്ചതാണെന്ന് തെറ്റിദ്ധരിക്കരുതെന്നും എന്തെങ്കിലും ഷെയർ ചെയ്യുന്നതിന് മുൻപ് വസ്തുതകൾ മനസിലാക്കണമെന്നും പൊലീസ് അഭ്യർഥിച്ചു.
പഞ്ചാബിലെ ദൃശ്യങ്ങളെന്ന പേരിൽ ഹർഭജൻ സിങ് വീഡിയോ പങ്കുവെച്ചതിനെതിരേ പഞ്ചാബ് മന്ത്രി ഡോ. ബൽജീത് കൗറും വിമർശനവുമായി രംഗത്തെത്തി. ബിജെപി രാഷ്ട്രീയത്തിന്റെ ഭാഗമായി പഞ്ചാബിന്റെ പ്രതിച്ഛായ തകർക്കാനാണ് ഹർജഭൻ സിങ് ശ്രമിച്ചതെന്ന് മന്ത്രി കുറ്റപ്പെടുത്തി. ബിജെപി നേതാക്കളെ പ്രീതിപ്പെടുത്താനാണ് ഹർഭജൻ സിങ് ഇത് ചെയ്യുന്നതെന്നും മന്ത്രി ആരോപിച്ചു.
സോംബി മയക്കുമരുന്ന് ഉപയോഗിച്ചശേഷം നിശ്ചലാവസ്ഥയിൽ നിൽക്കുന്ന രണ്ട് യുവാക്കളെന്ന പേരിലാണ് ഹർഭജൻ സിങ് പങ്കുവെച്ച വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. എന്നാൽ, വീഡിയോയിലുള്ള യുവാക്കൾ യഥാർഥത്തിൽ മയക്കുമരുന്ന് ഉപയോഗിച്ചവരാണോ എന്നതൊന്നും സ്ഥിരീകരിച്ചിട്ടില്ല. മൃഗങ്ങളെ മയക്കാൻ ഉപയോഗിക്കുന്ന സൈലാസിൻ എന്ന മയക്കുമരുന്നിനെയാണ് സോംബി മയക്കുമരുന്ന് എന്ന് വിളിക്കുന്നത്. വിദേശരാജ്യങ്ങളിലടക്കം വ്യാപകമായ ഈ മയക്കുമരുന്ന് അടുത്തിടെ ഇന്ത്യയിലും പലരും ഉപയോഗിക്കുന്നതായി പ്രചരണമുണ്ടായിരുന്നു. ഇത് ഉപയോഗിക്കുന്നവർ ബോധം നഷ്ടപ്പെട്ട് മണിക്കൂറുകളോളം നിശ്ചലാവസ്ഥയിൽ അസ്വാഭാവികമായ ചേഷ്ടകളോടെ നിൽക്കുന്നതിനാലാണ് ഇതിനെ സോംബി മയക്കുമരുന്ന് എന്ന് വിളിക്കുന്നത്.


