ദില്ലി: അന്താരാഷ്ട്ര വിമാന സർവീസ് ആരംഭിക്കുന്നതിനെക്കുറിച്ച് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. മറ്റ് രാജ്യങ്ങൾ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിന് അനുസരിച്ചായിരിക്കും വിമാന സർവീസ് തുടങ്ങുന്നതിൽ സർക്കാർ തീരുമാനം എടുക്കുകയെന്നാണ് മന്ത്രിയുടെ വിശദീകരണം. ആഗോള തലത്തിൽ സാഹചര്യം സാധാരണ നിലയിൽ ആയിട്ടില്ല എന്നും ഹർദീപ് സിംഗ് പുരി പറഞ്ഞു. 

അതേസമയം വന്ദേ ഭാരത് മിഷൻ വിമാന സർവീസുകൾക്ക് നിരക്ക് ഇരട്ടിയാക്കിയതിൽ പ്രതിഷേധവുമായി പ്രവാസികൾ രംഗത്തെത്തി. സൗദിയിൽ കുടുങ്ങിയ പ്രവാസികളെ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ എത്തിക്കാൻ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ എയർ ഇന്ത്യയുടെ വിമാന നിരക്ക് പതിന്മടങ്ങ് വർദ്ധിപ്പിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

കൊവിഡ് പ്രതിസന്ധിയിൽപ്പെട്ട് നാട്ടിൽ പോകാൻ കഴിയാതെ  ദുരിതത്തിലായവരെ നാട്ടിലെത്തിക്കാനായി ഏർപ്പെടുത്തിയ വിമാന സർവീസാണ് പ്രവാസികൾക്കിപ്പോൾ തിരിച്ചടിയാകുന്നത്. ജൂൺ 10 ന് ദമ്മാമിൽ നിന്ന് കണ്ണൂരിന് പോകുന്ന എയർ ഇന്ത്യ വിമാനത്തിന്‍റെ ഇക്കോണമി ക്ലാസ്സ് ടിക്കറ്റ് നിരക്ക് 1733 റിയാലാണെന്ന് എയർ ഇന്ത്യ മാനേജർ വ്യക്തമാക്കി. എന്നാൽ ആദ്യ ഘട്ടത്തിൽ ദമ്മാമിൽ നിന്നും കൊച്ചിയിലേക്ക് 910 റിയാൽ മാത്രം ഈടാക്കിയ ടിക്കറ്റിനാണിപ്പോൾ നിരക്ക് ഇരട്ടിയാക്കിയത്.