ഹാർദ്ദിക്ക് പട്ടേൽ കോണ്‍ഗ്രസ് ടിക്കറ്റിൽ ജാംനഗർ മണ്ഡലത്തിൽ മത്സരിക്കുമെന്ന സൂചനകളാണ് പാർട്ടി വൃത്തങ്ങൾ നൽകുന്നത്
ദില്ലി: പട്ടേൽ പ്രക്ഷോഭ നായകൻ ഹാർദ്ദിക് പട്ടേൽ കോണ്‍ഗ്രസിലേക്ക്. രാഹുൽ ഗാന്ധി തന്നെ നേരിട്ട് ഹാർദ്ദിക്ക് പട്ടേലിന് അംഗത്വം നൽകും. ലോക്സഭാ തെരഞ്ഞെടുപ്പിൽ പട്ടേൽ സ്വാധീന മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്നിൽ ഹാർദ്ദിക് മത്സരിച്ചേക്കും. ഹാർദ്ദിക്ക് പട്ടേൽ ബിജെപിക്കെതിരെ മത്സരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ബിജെപിക്കെതിരെ രംഗത്തെത്തുന്ന പൊതുസമ്മതരെ കോണ്‍ഗ്രസ് പിന്തുണക്കുമെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി പറഞ്ഞു.
ഹാർദ്ദിക്ക് പട്ടേൽ കോണ്‍ഗ്രസ് ടിക്കറ്റിൽ ജാംനഗർ മണ്ഡലത്തിൽ മത്സരിക്കുമെന്ന സൂചനകളാണ് പാർട്ടി വൃത്തങ്ങൾ നൽകുന്നത്. കോണ്‍ഗ്രസ് പ്രവർത്തക സമിതി മാർച്ച് 12ന് അഹമ്മദാബാദിൽ ചേരുകയാണ്. അന്നേ ദിവസം രാഹുലും സോണിയയും പ്രിയങ്കയും പങ്കെടുക്കുന്ന റാലിയിൽ ഹാർദ്ദിക്ക് പട്ടേലിന് അംഗത്വം നൽകി ഗുജറാത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാനാണ് പാർട്ടി പദ്ധതിയിടുന്നത്
മുന്നോക്ക സംവരണത്തിലൂടെ പട്ടേൽ പ്രക്ഷോഭത്തിന്‍റെ തീവ്രത കുറക്കുന്നതിൽ ബിജെപി വിജയിച്ചിട്ടുണ്ട്. ഇതോടൊപ്പം കേശുഭായ് പട്ടേലുമായി കൂടിക്കാഴ്ച നടത്തിയും പ്രബലരായ രണ്ട് പട്ടേൽ വിഭാഗങ്ങളുടെ യോഗത്തിൽ പങ്കെടുത്തും നഷ്ടപ്പെട്ട സമുദായ സ്വാധീനം വീണ്ടെടുക്കാനുള്ള ശ്രമം മോദി തുടങ്ങിയിരുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം തന്നെ മുൻകൈയ്യെടുത്ത് ഹാർദ്ദിക്ക് പട്ടേലിനെ കോണ്‍ഗ്രസിൽ എത്തിക്കാനുളള ശ്രമം. ലോക്സഭാ സീറ്റിനൊപ്പം ഹാർദ്ദിക്ക് പട്ടേൽ ആവശ്യപ്പെട്ട സംഘടനാ പദവികളിലും ചർച്ച തുടരുകയാണ്.
