ദില്ലി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് ടിക്കറ്റ് നല്‍കുന്നത് അഞ്ച് കോടി രൂപക്കെന്ന് ഹരിയാന കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ അശോക് തന്‍വാര്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സുതാര്യതയില്ലെന്നും സ്വന്തക്കാര്‍ക്ക് മാത്രമാണ് ടിക്കറ്റ് നല്‍കുന്നതെന്നും ആരോപിച്ച് അദ്ദേഹം കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയാ ഗാന്ധിയുടെ വസതിക്ക് മുന്നില്‍ പ്രക്ഷോഭം നടത്തി.

സോഹ്ന മണ്ഡലത്തില്‍ സീറ്റ് നല്‍കിയത് അഞ്ച് കോടി രൂപക്കാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അനീതിയാണ് നടക്കുന്നത്. ജയസാധ്യതയുള്ള സീറ്റുകള്‍ പണം വാങ്ങി സ്വന്തക്കാര്‍ക്ക് നല്‍കുന്നതായും അദ്ദേഹം ആരോപിച്ചു. താന്‍ ബിജെപിയില്‍ പോകുമെന്ന പ്രചാരണത്തെയും അദ്ദേഹം തള്ളി. ബിജെപി തന്നെ ക്ഷണിച്ചെങ്കിലും താന്‍ ഒരിക്കലും അവരുടെ പാളയത്തില്‍ പോകില്ലെന്ന് തന്‍വാര്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകര്‍ക്ക് സീറ്റ് നല്‍കുന്നില്ല. എസി റൂമിലിരിക്കുന്നവര്‍ക്കാണ് സീറ്റ് നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന ചുമതലുള്ള ഗുലാം നബി ആസാദിനെതിരെയും തന്‍വാര്‍ രംഗത്തെത്തി.