ദില്ലി: ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ വാഹന വ്യൂഹം വളഞ്ഞ് കാർഷിക ബില്ലിനെതിരെ പ്രതിഷേധിക്കുന്ന കർഷകർ. കരിങ്കൊടികളുമായാണ് കർഷകർ വാഹനവ്യൂഹം വളഞ്ഞത്. അമ്പാലയിലേക്ക് പോകുകയായിരുന്നു മുഖ്യമന്ത്രി. 

ഹരിയാനയിലെ ചുരുക്കം കർഷകർമാത്രമാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നതെന്നും പ്രതിഷേധങ്ങൾക്ക് പിന്നിൽ പഞ്ചാബിലെ കർഷകരാണെന്നും ഖട്ടർ നേരത്തേ ആരോപിച്ചിരുന്നു. ഖട്ടറിന് അകമ്പടിയായി പോയിരുന്ന വാഹനവ്യൂഹമാണ് കർഷകർ തടഞ്ഞത്. പുറത്തുവരുന്ന ദൃശ്യങ്ങളിൽ നിന്ന് കർഷകർ കരിങ്കൊടി വീശിയതും വാഹനത്തിൽ വടികൊണ്ട് അടിക്കുന്നതും വ്യക്തമാണ്. 

കർഷകർ റോഡ് തടയുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വാഹന വ്യൂഹം വേ​ഗം കുറച്ചിരുന്നു. മുൻസിപ്പൽ കോർപ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പിൽ അമ്പാലയിൽ നിന്ന് മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിന് പോകുകയായിരുന്നു മുഖ്യമന്ത്രി.