ഛണ്ഡീഗഢ്: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന് പൗരത്വം തെളിയിക്കുന്ന രേഖകളില്ല. വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് ലഭിച്ച മറുപടിയിലാണ് മുഖ്യമന്ത്രി, ക്യാബിനറ്റ് മന്ത്രിമാര്‍, ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ആര്യ എന്നിവരുടെ പൗരത്വം തെളിക്കുന്ന രേഖകള്‍ കൈവശമില്ലെന്ന് ഹരിയാന സര്‍ക്കാര്‍ അറിയിച്ചത്.

പാനിപ്പട്ട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകനാണ് ജനുവരി 20ന് വിവരാവകാശ നിയമപ്രകാരം ചോദ്യം ഉന്നയിച്ചത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പൗരത്വം തെളിയിക്കുന്ന രേഖകള്‍ കൈവശമില്ലെന്നാണ് സംസ്ഥാന പൊതുവിവരാവകാശ ഓഫീസര്‍ പിപി കപൂര്‍ വ്യക്തമാക്കിയത്. അനധികൃത കുടിയേറ്റം തടയുമെന്നും ദേശീയ പൗരത്വ രജിസ്റ്റര്‍ ഹരിയാനയില്‍ നടപ്പാക്കുമെന്ന് കഴിഞ്ഞ സെപ്തംബറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മനോഹര്‍ലാല്‍ ഖട്ടര്‍ അറിയിച്ചിരുന്നു.