ഛത്തീസ്​ഗഡ്: ഹരിയാനയിലെ കോൺഗ്രസ് വക്താവ് വികാസ് ചൗധരിയെ ദില്ലിയില്‍ വെച്ച് അജ്ഞാതര്‍ വെടിവെച്ച് കൊന്നു. ദില്ലിയിലെ ഫാരിദാബാദിൽ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.

ജിമ്മിലേക്ക് പോകുന്നതിനിടെ കാർ പാർക്കിങ് ഏരിയയിൽ വച്ചാണ് വികാസ് ചൗധരിക്കെതിരെ അജ്ഞാതർ വെടിയുതിർത്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കാറിലെത്തിയ അക്രമി സംഘം വികാസിനെതിരെ തുടർച്ചയായി വെടിയുതിർക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമാണ്. വികാസിന്റെ കാർ പാർക്ക് ചെയ്തതിന് സമീപത്താണ് അക്രമികളും കാർ പാർക്ക് ചെയ്തത്. തുടർന്ന് കാറിൽനിന്ന് ഇറങ്ങിയ അക്രമികൾ വികാസിന്റെ കാറിനടുത്ത് എത്തുകയും കാറിനകത്ത് ഇരിക്കുകയായിരുന്ന വികാസിന് നേരെ വെടിവയ്ക്കുകയുമായിരുന്നു.  

വെടിവയ്പ്പിന് ശേഷം അക്രമി സംഘം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. തുടർന്ന് നാട്ടുകാർ ചേർന്ന് വികാസിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പത്തോളം വെടിയുണ്ടകളാണ് വികാസിന്റെ ദേഹത്ത് നിന്ന് പുറത്തെടുത്തതെന്ന് ഡോക്ടർമാർ പറഞ്ഞു. അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും ഡോക്ടർമാർ കൂട്ടിച്ചേർത്തു. 
  
അതേസമയം, അക്രമി സംഘം വികാസിനെ പിന്തുടർന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ സിസിടിവി ദൃശ്യങ്ങളിൽനിന്ന് ലഭിച്ചിട്ടില്ല. വികാസ് ജിമ്മിലേക്ക് വരുന്നത് വരെ അക്രമികൾ കാത്തിരുന്നോ എന്ന വിവരങ്ങളും ലഭ്യമല്ല.