ദില്ലി: നിയമസഭ തെര‌ഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി ഹരിയാന കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പണം വാങ്ങി സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചെന്ന ആരോപണവുമായി മുന്‍ പിസിസി അധ്യക്ഷന്‍ അശോക് തന്‍വറിന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം സോണിയ ഗാന്ധിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ചു. ബിജെപിയല്ല കോണ്‍ഗ്രസ് നേതാക്കൾ തന്നെയാണ് പാര്‍ട്ടിയെ തകര്‍ക്കുന്നതെന്ന് അശോക് തന്‍വര്‍ പ്രതികരിച്ചു. 

ഹരിയാനയിലെ 90 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിനുള്ള കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി യോഗം കഴിഞ്ഞതിന് തൊട്ടു പിന്നാലെയാണ് അനുയായികളുമായി ദേശീയ നേതൃത്വത്തിന് മുന്നില് തന്നെ പ്രതിഷേധിക്കാന്‍ അശോക് തന്‍വര്‍ എത്തിയത്. ഹരിയാനയുടെ ചുമതലയുള്ള ഗുലാംനബി ആസാദ് റോബോര്‍ട്ട് വദ്രക്ക് വേണ്ടി സീറ്റ് വിറ്റുവെന്ന ഗുരുതര ആരോപണമാണ് അശോക് തന്‍വര്‍ ഉന്നയിക്കുന്നത്. 

സോണിയ ഗാന്ധിയുടെ വസതിക്ക് മുന്നില്‍ പ്രവര്‍ത്തകരുമായി പ്രതിഷേധിച്ച അശോക് തന്‍വര്‍ നേതൃത്വത്തെ വെല്ലുവിളിച്ചു. പാര്‍ട്ടിയിലെ ഉന്നതനും, മുന്‍ മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡയുമായി അശോക് തന്‍വര്‍ ഏറെക്കാലമായി ഇടഞ്ഞു നില്‍ക്കുകയാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും പാര്‍ട്ടി തോറ്റതോടെ അശോക് തന്‍വറിനെ പിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു. 

നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ അശോക് തന്‍വറിന് പുറത്തേക്കുള്ള വഴി തെളിഞ്ഞു. തൻവറിന് പകരം കുമാരി ഷെല്‍ജക അധ്യക്ഷയായായും ഭൂപീന്ദര്‍ സിംഗ് ഹൂഡയെ  നിയമസഭ കക്ഷി നേതാവായും തെരഞ്ഞെടുത്തതിന് പിന്നാലെയാണ് യുദ്ധ പ്രഖ്യാപനവുമായി അശോക് തന്‍വര്‍ രംഗത്തെത്തിയിരിക്കുന്നത്.