വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ നഫേ സിങ് റാഠിയേയും കൂടെയുണ്ടായിരുന്നവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു
ചണ്ഡീഗഡ്: ഇന്ത്യൻ നാഷണൽ ലോക്ദൾ(ഐഎൻഎൽഡി) ഹരിയാന യൂണിറ്റ് പ്രസിഡന്‍റും മുൻ എംഎൽഎയുമായ നഫേ സിങ് റാഠിയെ കാറിലെത്തിയ അജ്ഞാത സംഘം വെടിവെച്ചു കൊലപ്പെടുത്തി. ഞായറാഴ്ച വൈകിട്ട് ഝജ്ജർ ജില്ലയിലെ ബഹാദുർഗഡ് ടൌണിൽ വെച്ചാണ് ഫോർച്യൂണർ കാറിൽ യാത്ര ചെയ്യുകയായിരുന്ന നഫേ സിങിനെ മറ്റൊരു വാഹനത്തിലെത്തിയ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തിൽ കാറിലുണ്ടായിരുന്ന രണ്ട് പേർ കൂടി കൊല്ലപ്പെട്ടു. രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ നഫേ സിങ് റാഠിയേയും കൂടെയുണ്ടായിരുന്നവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും അധോലോക നേതാവ് ലോറൻസ് ബിഷ്ണോയിയും സംഘവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരമെന്നും പൊലീസ് അറിയിച്ചു. വെടിവെപ്പ് നടന്ന ടൌണിലെയും വിവിധ സ്ഥലങ്ങളിലേയും സിസിടിവികൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയും ഇയാളുടെ അടുത്ത അനുയായിയായ കലാജാതിയുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. സ്വത്ത് തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പറയുന്നത്. ഹരിയാന നിയമസഭയിൽ രണ്ടുതവണ നിയമസഭാംഗമായിരുന്നു നഫേ സിങ് റാത്തി. ഹരിയാന മുൻ ലെജിസ്ലേറ്റേഴ്‌സ് അസോസിയേഷന്‍റെ സംസ്ഥാന പ്രസിഡന്‍റ് കൂടിയായിരുന്നു. സജീവ രാഷ്ട്രീയ പ്രവർത്തകനായിരുന്ന നഫേ സിങിന്‍റെ കൊലപാതകം വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരിക്കുകയാണ്.
