ഭാര്യയ്ക്ക് ശാരീരിക പ്രശ്നങ്ങളുണ്ടെന്നും ബന്ധം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പലതവണ ഭാര്യയെ മർദ്ദിച്ച ഭർത്താവിനെതിരായ കേസിൽ ഇടപെടുകയായിരുന്നു വനിതാ കമ്മീഷൻ.
ചണ്ഡീഗഡ്: ഹരിയാന വനിതാ കമ്മീഷൻ അധ്യക്ഷയും പൊലീസ് ഉദ്യോഗസ്ഥയും തമ്മിൽ നടന്ന തർക്കത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചയാവുകയാണ്. ഹരിയാനയിലെ കൈതാലിൽ, വിവാഹമോചനവുമായി ബന്ധപ്പെട്ട കേസിന്റെ ചർച്ച നടക്കുന്നതിനിടെ വനിതാ കമ്മീഷൻ അധ്യക്ഷ രേണു ഭാട്ടിയ ഒരു പൊലീസ് ഉദ്യോഗസ്ഥയോട് ആക്രോശിക്കുന്നതാണ് വീഡിയോ.
ഒരു പ്രാദേശിക പത്രപ്രവർത്തകൻ റെക്കോർഡ് ചെയ്‌ത വീഡിയോയിൽ "നിങ്ങൾക്ക് അവനെ തല്ലാമായിരുന്നോ? യുവതി മൂന്ന് തവണ പരിശോധനയ്ക്ക് വിധേയായില്ലേ, പുറത്തുപോകൂ! എനിക്ക് ഒന്നും കേൾക്കാൻ താൽപ്പര്യമില്ല" എന്ന് ഭാട്ടിയ പറയുന്നത് കേൾക്കാം. പൊലീസ് ഓഫീസറുടെ എതിർപ്പിനെത്തുടർന്ന് അവർ വീണ്ടും ആവർത്തിച്ചു; "എസ്എച്ച്ഒ അവളെ പുറത്തേക്ക് കൊണ്ടുപോകൂ. നിങ്ങൾ വകുപ്പുതല അന്വേഷണം നേരിടേണ്ടിവരും" - വനിതാ ഓഫീസര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു.
പൊലീസുകാരിയെ സഹപ്രവർത്തകര്‍ മുറിയിൽ നിന്ന് മാറ്റുന്നത് വരെ രൂക്ഷമായ തർക്കം തുടർന്നു. "ഞങ്ങൾ ഇവിടെ വരുന്നത് അപമാനിക്കപ്പെടാനല്ല" എന്ന് വനിതാ ഓഫീസര്‍ പറയുമ്പോൾ പിന്നെ യുവതിയെ അപമാനിക്കാനാണോ എന്ന് ഭാട്ടിയ തിരിച്ച് ഓഫീസറോട് ചോദിച്ചു.
ഭാര്യയ്ക്ക് ശാരീരിക പ്രശ്നങ്ങളുണ്ടെന്നും ബന്ധം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പലതവണ ഭാര്യയെ മർദ്ദിച്ച ഭർത്താവിനെതിരായ കേസിൽ ഇടപെടുകയായിരുന്നു വനിതാ കമ്മീഷൻ. ഈ വിഷയം പൊലീസ് ഉദ്യോഗസ്ഥ കൈകാര്യം ചെയ്തതിനെ ചൊല്ലിയാണ് തർക്കം ആരംഭിച്ചത്.
ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കവുമായി ബന്ധപ്പെട്ട കേസ് വനിതാ കമ്മീഷന് മുന്നിലെത്തി. ഭാര്യയ്ക്ക് ശാരീരിക പ്രശ്നമുണ്ടെന്നാണ് ഭർത്താവിന്റെ ആരോപണം. അതിനാൽ ഇരുവരെയും വൈദ്യ പരിശോധന നടത്താൻ കമ്മീഷൻ ഉത്തരവിട്ടു. യുവതി മൂന്ന് തവണ പരിശോധനയ്ക്ക വിധേയയായി. എന്നാൽ ഭർത്താവ് ഒരു തവണ പോലും പരിശോധിക്കാൻ തയ്യാറായില്ല. ഭർത്താവിനെ പരിശോധനയ്ക്ക് വിധേയമാക്കുന്നതിൽ പൊലീസ് ഉദ്യോഗസ്ഥ പരാജയപ്പെട്ടുവെന്നും അതിനാൽ അവർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥ ഇതുവരെ പ്രതികരിച്ചിട്ടില്ല.

