നിലവിൽ ജയിലിലുള്ള മറ്റ് തീവ്രവാദികളെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ദില്ലി: പഹൽഗാമിലെ ബൈസരൻ താഴ്‌വരയിൽ നടന്ന ഭീകരാക്രമണത്തിന് ഉത്തരവാദികളായ തീവ്രവാദികൾക്ക് പാകിസ്ഥാനിൽ ഉയർന്ന സൈനിക പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട്. പാകിസ്ഥാന്റെ ഈ പ്രത്യേക സർവീസ് ഗ്രൂപ്പിൽ നിന്നുള്ള പരിശീലനം പഹൽഗാമിലെ ഭീകരപ്രവർത്തനങ്ങൾക്കും സഹായകമേകിയെന്നാണ് ഇപ്പോൾ പുറത്തു വരുന്നത്. നിലവിൽ ജയിലിലുള്ള മറ്റ് തീവ്രവാദികളെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പഹൽഗാം ആക്രമണവുമായി ബന്ധമുള്ള ഭീകരരിൽ ഒരാളായ ഹാഷിം മൂസ മുമ്പ് പാകിസ്ഥാന്റെ സ്പെഷ്യൽ സർവീസ് ഗ്രൂപ്പിൽ പാരാ-കമാൻഡോയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് ഇയാൾ ഭീകരവാദ സംഘടനയായ ലഷ്കർ-ഇ-തൊയ്ബയിൽ ചേർന്നുവെന്നും അതിനുശേഷം നിരവധി ഭീകരാക്രമണങ്ങളിൽ പങ്കാളിയായി എന്നും റിപ്പോർട്ടുണ്ട്.
2023 ൽ ഹാഷിം മൂസ ഇന്ത്യയിലേക്ക് കടന്നതായാണ് വൃത്തങ്ങൾ അറിയിക്കുന്നത്. അതിനു ശേഷം ജമ്മു കശ്മീരിലുണ്ടായ 6 ഭീകര പ്രവർത്തനങ്ങളിലെങ്കിലും ഇയാൾ പങ്കാളിയായിട്ടുണ്ട്. 2024 ഒക്ടോബറിൽ ഗന്ദർബാലിൽ 7 പേരുടെ മരണത്തിനിടയാക്കിയ ആക്രമണവും, ബാരാമുള്ളയിൽ 4 സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണത്തിന് കാരണമായ ആക്രമണവും ഇതിൽ ഉൾപ്പെടുന്നുവെന്നും റിപ്പോർട്ടുകൾ.
ഹാഷിം മൂസ കശ്മീരിലെ വനങ്ങളിൽ എവിടെയോ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സുരക്ഷാ ഏജൻസികൾ കരുതുന്നത്. ഇയാളെ കണ്ടെത്തുന്നതിനായുള്ള തെരച്ചിലും ഊർജിതമായി നടന്നു വരികയാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് ജമ്മു കശ്മീർ പൊലീസ് 20 ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുകയും, വിവരം നൽകുന്നയാളുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുമെന്ന് ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്.
പാകിസ്ഥാനിൽ പ്രത്യേക പരിശീലനം നേടിയ ഹാഷിം മൂസ ഉൾപ്പെടെയുള്ള എല്ലാ തീവ്രവാദികളും ലഷ്കർ-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ എന്നിവയിൽ അംഗങ്ങളാണെന്നും വൃത്തങ്ങൾ.


