ലക്‌നൗ: ഹാഥ്രസില്‍ പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളുടെ തല കൊയ്യുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ച കോണ്‍ഗ്രസ് നേതാവിനെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. ബുലന്ദ്്ഷഹര്‍ പൊലീസ് ആണ് കോണ്‍ഗ്രസിന്റെ പിന്നാക്ക വിഭാഗം സെല്‍ ജില്ലാ കോര്‍ഡിനേറ്റര്‍ നിസാം മാലിക്കിനെ അറസ്റ്റ് ചെയ്തത്. 

ഖുര്‍ജ നഗറിലെ പ്രതിഷേധത്തിനിടെയാണ് നിസ്സാം മാലിക്ക് പ്രതികളുടെ തല വെട്ടിയെടുക്കണമെന്ന് ആവശ്യപ്പെട്ടത്. '' കൂട്ടബലാത്സംഗം ചെയത ക്രൂരന്മാരെ തൂക്കിലേറ്റണം. എന്റെ സമുദായത്തിനുവേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നത്, പ്രതികളുടെ തല ആരാണോ അറുത്തെടുത്ത് കൊണ്ടുവരുന്നത്, അവര്‍ക്ക് ഒരു കോടി രൂപ പ്രതിഫലം നല്‍കും.'' മാലിക് പ്രതിഷേധത്തിനിടെ പറഞ്ഞു. 

ഹാഥ്രസ് സംഭവത്തിനെതിരെ ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചുവരികയാണ്. വിദ്വേഷം പടര്‍ത്തിയതിന് സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.