ഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെല്ലാം മുഖ്യമന്ത്രി വിജയിന്റെ വ്യക്തിജീവിതവും ചർച്ചയാകുന്നുണ്ട്. ഇതിനിടെയാണ് ഉദയനിധി സ്റ്റാലിന്റെ മൂഡ് പരാമർശം വിവാദത്തിലായത്. പ്രസം​ഗം ചർച്ചയായതോടെ പ്രതിപക്ഷ നേതാവ് ഉദയനിധിയല്ല, അശ്ലീലനിധിയാണെന്ന് വിമർശിച്ച് ടിവികെയും രം​ഗത്തെത്തി.

ചെന്നൈ: തമിഴ്നാട്ടിലെ രണ്ട് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണം തുടരുന്നതിനിടെ വീണ്ടും വിവാദത്തിലായി പ്രതിപക്ഷ നേതാവ് ഉദയിനിധി സ്റ്റാലിന്റെ പ്രസം​ഗം. ധരാപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണയോ​ഗത്തിൽ പ്രസം​ഗിക്കുന്നതിനിടെ മുഖ്യമന്ത്രി വിജയ്ക്കെതിരേ ഉദയിനിധി നടത്തിയ 'മൂഡ്' പരാമർശമാണ് വിവാദത്തിലായിരിക്കുന്നത്. പ്രസം​ഗം ചർച്ചയായതോടെ പ്രതിപക്ഷ നേതാവ് ഉദയനിധിയല്ല, അശ്ലീലനിധിയാണെന്ന് വിമർശിച്ച് ടിവികെയും രം​ഗത്തെത്തി.

നിയമസഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഖ്യമന്ത്രി വിജയ്‍യും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് നടക്കുന്നത്. ഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെല്ലാം മുഖ്യമന്ത്രി വിജയിന്റെ വ്യക്തിജീവിതവും ചർച്ചയാകുന്നുണ്ട്. ഇതിനിടെയാണ് ഉദയനിധി സ്റ്റാലിന്റെ മൂഡ് പരാമർശം വിവാദത്തിലായത്. 'മുഖ്യമന്ത്രിക്ക് കടൽക്കരയിൽ പുതിയ നിയമസഭാ മന്ദിരം വേണം. സഭയിൽ ഇരുന്നാൽ അദ്ദേഹത്തിന് ബീച്ച് കാണണം. ബീച്ച് കണ്ടാലേ അദ്ദേഹത്തിന് മൂഡ് വരൂ. ശ്ശേ... ആ മൂഡല്ല, ഇത് ജോലി ചെയ്യാനുള്ള മൂഡ്' എന്നായിരുന്നു ഉദയനിധി വാക്കുകൾ. ഇതോടെ പാർട്ടി പ്രവർത്തകരിൽനിന്ന് വലിയ കരഘോഷവും ചിരിയും ചില പ്രതികരണങ്ങളും ഉണ്ടായി. എന്നാൽ, നിങ്ങൾ ഓരോന്ന് പറഞ്ഞിട്ട് പോകും, അയാൾക്ക് കോപം വന്നാൽ തനിക്കെതിരേ കേസെടുക്കും എന്നായിരുന്നു ഉദയനിധിയുടെ തുടർന്നുള്ള വാക്കുകൾ. ഉദയനിധി പ്രസം​ഗത്തിനിടെ മൂഡ് പരാമർശം നടത്തിയപ്പോൾ പ്രചാരണവാഹനത്തിൽ കൂടെയുണ്ടായിരുന്ന വനിതാ സ്ഥാനാർഥിയുടെ മുഖഭാവങ്ങളും സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. ഉദയനിധി മൂഡ് പരാമർശം നടത്തുമ്പോൾ വനിതാ സ്ഥാനാർഥി നാണത്തോടെ തലതാഴ്ത്തുന്നതും ചിരിക്കുന്നതുമാണ് ടിവികെ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത്.

അണ്ണാ ഡിഎംകെയുടെ പ്രചാരണയോ​ഗങ്ങളിലും മുഖ്യമന്ത്രിയുടെ വ്യക്തിജീവിതവും ലണ്ടൻ യാത്രയുമെല്ലാം പ്രചാരണവിഷയങ്ങളാണ്. മുഖ്യമന്ത്രിയും സുഹൃത്തായ നടി തൃഷയും ലണ്ടനിൽ ഒരുമിച്ച് യാത്രപോയതാണ് അണ്ണാ ഡിഎംകെ നേതാവായ എടപ്പാടി പളനിസ്വാമി തെരഞ്ഞെടുപ്പ് പ്രചാരണയോ​ഗത്തിൽ ചൂണ്ടിക്കാട്ടിയത്. അതേസമയം, മുഖ്യമന്ത്രിക്കെതിരായ വ്യക്തിപരമായ ആക്ഷേപങ്ങൾക്കും അശ്ലീലച്ചുവയുള്ള പരാമർശങ്ങൾക്കും എതിരേ ടിവികെയും രം​ഗത്തെത്തി. അശ്ലീലച്ചുവയുള്ള പരാമർശം നടത്തിയതിന് ഒരിക്കൽ അറസ്റ്റിലായിട്ടും ഉദയനിധി നാവിന് വിലങ്ങുന്നിടില്ലെന്നും ടിവികെ നേതാക്കൾ പറഞ്ഞു. അതിനിടെ, മധുരാന്തകത്ത് ഡിഎംകെ വിജയിച്ചാൽ മന്ത്രി പദവി രാജിവയ്ക്കുമെന്ന പരസ്യവെല്ലുവിളിയുമായി ടിവികെ നേതാവ് ആധവ് അർജുനയും രംഗത്തെത്തി.

തമിഴ്നാട്ടിലെ മധുരാന്തകം, ധാരാപുരം നിയോജകമണ്ഡലങ്ങളിലേക്ക് ഒക്ടോബർ ആറിനാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അണ്ണാ ഡിഎംകെ ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച എംഎൽഎമാർ പിന്നീട് പാർട്ടിവിട്ട് ടിവികെയിൽ ചേർന്നതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.