ഐ.ഐ.ടി ദില്ലിയിലെ ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുവതലമുറയോട് ജിജ്ഞാസയും തുടർപഠനത്തിനുള്ള ആഗ്രഹവും നിലനിർത്താൻ ആവശ്യപ്പെട്ടു. പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റി, സ്റ്റാർട്ടപ്പ് വിപ്ലവത്തിലൂടെയും നൂതന ആശയങ്ങളിലൂടെയും 'വികസിത ഭാരതം' എന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
ദില്ലി: ജീവിതത്തിൽ എപ്പോഴും ജിജ്ഞാസ നിലനിർത്താനും പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ആഗ്രഹം വളർത്താനും യുവതലമുറ തയ്യാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐ.ഐ.ടി ദില്ലിയുടെ 57-ാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരിയാണെന്ന് വിചാരിച്ച് അംഗീകരിച്ച കാര്യങ്ങളെപ്പോലും ചോദ്യം ചെയ്യാനും സംശയങ്ങൾ ഉന്നയിക്കാനും, അതിലുപരി അവയ്ക്ക് പരിഹാരങ്ങൾ കണ്ടെത്താനുള്ള ധൈര്യം കാണിക്കാനും അദ്ദേഹം ബിരുദധാരികളോട് ആവശ്യപ്പെട്ടു.
ലോകം വളരെ വേഗത്തിലാണ് മാറിക്കൊണ്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. സാങ്കേതികവിദ്യ, വ്യവസായങ്ങൾ, തൊഴിൽ മേഖലകൾ, ആഗോള ശക്തിസമവാക്യങ്ങൾ എന്നിവയെല്ലാം അതിവേഗം മാറുമ്പോൾ വരാനിരിക്കുന്ന 20-30 വർഷങ്ങളിൽ എന്താണ് സംഭവിക്കുകയെന്ന് കൃത്യമായി പ്രവചിക്കാൻ കഴിയില്ല. എന്നാൽ നിരന്തരം പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയെന്ന കഴിവ് എപ്പോഴും പ്രധാനമായിരിക്കും. തുടർപഠനം ശീലമാക്കുന്നവർക്ക് മാത്രമേ വിജയിക്കാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ സ്റ്റാർട്ടപ്പ് വിപ്ലവത്തിന് കരുത്ത് പകർന്നതിൽ യുവതലമുറയ്ക്കുള്ള പങ്ക് വലുതാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഐ.ഐ.ടി ദില്ലിയിൽ നിന്ന് നിരവധി യുവ സംരംഭകർ ഉയർന്നുവന്നിട്ടുണ്ട്. ഒരു സ്ഥാപനത്തിന് ഇത്രയധികം സംഭാവന നൽകാൻ സാധിക്കുമെങ്കിൽ, രാജ്യമൊട്ടാകെയുള്ള യുവശക്തിക്ക് എന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്ന് ചിന്തിച്ചുനോക്കൂ എന്നും അദ്ദേഹം ചോദിച്ചു.
സെമികണ്ടക്ടർ നിർമ്മാണ രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെ, 'ചിപ്പുകൾ മുതൽ കപ്പലുകൾ വരെ ഭാവിയിൽ എല്ലാം നിങ്ങളുടെ കൈകളാൽ ഇന്ത്യയിൽ തന്നെ നിർമ്മിക്കപ്പെടുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു' എന്ന് പ്രധാനമന്ത്രി പറഞ്ഞു. വലിയ വെല്ലുവിളികളെയും പ്രതിസന്ധികളെയും കണ്ടു ഭയപ്പെടാതെ അവയെ ചെറിയ ഭാഗങ്ങളായി തിരിച്ച് പരിഹാരം കണ്ടെത്താൻ ശ്രമിക്കണം. അടുത്ത 30-35 വർഷങ്ങൾ 'വികസിത ഭാരതം' എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയിൽ നിർണായകമാണ്. ബിരുദം നേടി പുറത്തിറങ്ങുന്ന ഓരോരുത്തരും എടുക്കുന്ന തീരുമാനങ്ങൾ രാജ്യത്തിന് എങ്ങനെ പ്രയോജനപ്പെടും എന്ന് ചിന്തിക്കണം. പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റാനുള്ള ധൈര്യമാണ് വേണ്ടതെന്ന് കൂടി പറഞ്ഞാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.


