Asianet News MalayalamAsianet News Malayalam

മമതാ ബാനർജിക്ക് അഞ്ച് ലക്ഷം പിഴയിട്ട് കൽക്കട്ട ഹൈക്കോടതി, കേസിൽ നിന്നൊഴിഞ്ഞ് ജഡ്ജി

മുഖ്യമന്ത്രിയായ മമത ബാനർജി ഭരണഘടനാപരമായ ഉത്തരവാദിത്തം ലംഘിച്ചു എന്ന അതീവ ഗൗരവമേറിയ നിരീക്ഷണവും വിധി പ്രസ്താവത്തിൽ ഹൈക്കോടതി നടത്തി. 

HC judge imposes Rs 5 lakh fine on Mamata
Author
Kolkata, First Published Jul 7, 2021, 12:54 PM IST

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് അഞ്ച് ലക്ഷം രൂപ പിഴയിട്ട് കൽക്കട്ട ഹൈക്കോടതി. സുവേദു അധികാരിയുടെ നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പ് ജയത്തിനെതിരെ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. കോടതിയുടെ സംശയത്തിൻ്റെ നിഴലിൽ നിർത്താൻ മമതാ ബാനർജി ശ്രമിച്ചു എന്ന് ആരോപിച്ചാണ് ഹൈക്കോടതി മുഖ്യമന്ത്രിക്ക് പിഴയിട്ടത്. നിയമചരിത്രത്തിലെ തന്നെ അത്യപൂർവ്വമായ സംഭവമാണിത്. 

മുഖ്യമന്ത്രിയായ മമത ബാനർജി ഭരണഘടനാപരമായ ഉത്തരവാദിത്തം ലംഘിച്ചു എന്ന അതീവ ഗൗരവമേറിയ നിരീക്ഷണവും വിധി പ്രസ്താവത്തിൽ ഹൈക്കോടതി നടത്തി. ജഡ്ജിയെ അപകീർത്തിപ്പെടുത്താൻ ബോധപൂർവ്വം ശ്രമംനടന്നുവെന്നും ജഡ്ജിമാരുടെ നിയമനത്തിൽ വിശ്വാസമില്ലെങ്കിൽ മുഖ്യമന്ത്രി നൽകിയ തെരഞ്ഞെടുപ്പ് ഹർജി കോടതിക്ക് കേൾക്കാനാകില്ലെന്നും കേസ് പരി​ഗണിച്ച ജസ്റ്റിസ് കൗശിക് ചന്ദ വ്യക്തമാക്കി. ചില അവസരവാദികൾ അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് വി‍മർശിച്ച ജസ്റ്റിസ് കൗശിക് ചന്ദ കേസിൽ നിന്നും താൻ പിന്മാറുന്നതായും വ്യക്തമാക്കി. 

കേസ് ജസ്റ്റിസ് ചന്ദയുടെ ബെഞ്ചിൽ നിന്നും മാറ്റണമെന്ന് മമതാ ബാന‍ർജിയുടെ അഭിഭാഷകൻ നേരത്തെ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതാണ് ഹൈക്കോടതിയെ പ്രകോപിപ്പിച്ചത്. ജഡ്ജി ചന്ദ ബിജെപി നേതാക്കൾക്കൊപ്പം വേദി പങ്കിടുന്നയാളാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് മമതയുടെ അഭിഭാഷകൻ ഈ ആവശ്യം ഉന്നയിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios