ചെന്നൈ: പാക് കസ്റ്റഡിയിലുള്ള മകനെ കുറിച്ചുള്ള ആശങ്ക പങ്കുവയ്ക്കുകയും അവന്റെ തിരിച്ച് വരവിനായി ആഗ്രഹിക്കുകയും ചെയ്ത ഏല്ലാര്‍ക്കും നന്ദി രേഖപ്പെടുത്തി വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ പിതാവ്. മകന് മുറിവേറ്റിട്ടില്ല, മാനസികമായി തളര്‍ന്നിട്ടില്ലെന്നുമാണ് പുറത്ത് വന്ന വീഡിയോകള്‍ വ്യക്തമാക്കുന്നതെന്ന് പിതാവ്  വിശദമാക്കുന്നു. മകനെ കുറിച്ച് ആലോചിച്ച് അഭിമാനമുണ്ടെന്നും പിതാവ് എയർമാർഷൽ സിംഹക്കുട്ടി വര്‍ദ്ധമാന്‍ പറഞ്ഞു. 

വീഡിയോകളില്‍ അവന്‍ സംസാരിക്കുന്നത് വളരെ ധീരമായാണ്, അവന്‍ യഥാര്‍ത്ഥ സൈനികനാണെന്നും പിതാവ് വിശദമാക്കുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും അവന്റെ തിരിച്ച് വരവിന് വേഗം കൂട്ടുമെന്നും പിതാവ് പ്രതികരിക്കുന്നു. പാക് കസ്റ്റഡിയില്‍ അവന് പീഡനങ്ങള്‍ നേരിടരുതെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് പിതാവ് വ്യക്തമാക്കി. ശാരീരിക മാനസിക ആരോഗ്യത്തോടെ സുരക്ഷിതമായി അവന്‍ തിരികെയെത്തണമെന്നാണഅ ആഗ്രഹമെന്നും പിതാവ് പറഞ്ഞു. 

ഇന്നലെയാണ് വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാകിസ്ഥാന്‍ കസ്റ്റഡിയിലെടുക്കുന്നത്. കസ്റ്റഡിയിലുള്ള അഭിനന്ദന്‍ വര്‍ദ്ധമാന്റെ വീഡിയോകളും ചിത്രങ്ങളും പാകിസ്ഥാന്‍ പുറത്തുവിട്ടിരുന്നു.