ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ഉര്‍ദു കവിത ചൊല്ലിച്ച പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റ്ററെ സസ്പെന്‍ഡ് ചെയ്തു. സ്കൂളിലെ പ്രധാനാധ്യാപകനായ ഫുര്‍ഖാന്‍ അലിക്ക് സസ്പെന്‍ഷന്‍ നല്‍കിയതിന് പുറമെ മറ്റൊരു സ്കൂളിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ക്ലാസ്മുറിയില്‍ വിദ്യാര്‍ത്ഥികളോട് ഉര്‍ദു കവിത ചൊല്ലാന്‍ ആവശ്യപ്പെട്ടതിനാണ് സസ്പെന്‍ഷന്‍ എന്നാണ് ആരോപണം. 

പിലിബിത്ത് ജില്ലയിലെ ബിസാല്‍പുരിലുള്ള ഗ്യാസ്പുര്‍ 2 പ്രൈമറി സ്കൂളിലെ പ്രധാനാധ്യാപകനായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരനായ ഫുര്‍ഖാന്‍ അലിയെ പ്രദേശത്ത് തന്നെയുള്ള മറ്റൊരു സ്കൂളിലേക്കാണ് സ്ഥലം മാറ്റിയത്. ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ നിയമങ്ങള്‍ അനുസരിക്കണമെന്നും  ചുമതലകള്‍ നിര്‍വഹിക്കുമ്പോള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശവും കണക്കിലെടുക്കണം എന്ന മുന്നറിയിപ്പോട് കൂടിയാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയതെന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ ദേവേന്ദ്ര സ്വരൂപ് പറഞ്ഞതായി പിടിഐയെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. 

മദ്രസകളില്‍ സാധാരണയായി ചൊല്ലുന്ന പ്രാര്‍ത്ഥനാ ഗാനം ക്ലാസ്മുറിയില്‍ ചൊല്ലാന്‍ വിദ്യാര്‍ത്ഥികളെ ഹെഡ്മാസ്റ്റര്‍ നിര്‍ബന്ധിക്കുകയായിരുന്നെന്ന് വിശ്വ ഹിന്ദു പരിഷത്ത് ആരോപിച്ചിരുന്നു. മുഹമ്മദ് ഇക്ബാലിന്‍റെ കവിതയാണ് ഫുര്‍ഖാന്‍ അലി  വിദ്യാര്‍ത്ഥികളെ കൊണ്ട് ചൊല്ലിച്ചത്.  എന്നാല്‍ സംഭവത്തില്‍ വര്‍ഗീയത കലര്‍ത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് പ്രധാനാധ്യാപകന്‍ പ്രതികരിച്ചു. ഹെഡ്മാസ്റ്ററെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി.