ബംഗളൂരു: പൗരത്വനിയമഭേദഗതിക്കും ദേശിയ പൗരത്വ രജിസ്റ്ററിനുമെതിരെ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ നാടകം കളിച്ചതിനെത്തുടര്‍ന്ന് കര്‍ണാടകയില്‍ അടച്ചു പൂട്ടിയ സ്കൂളിലെ  ഹെഡ്‍മിസ്ട്രസിനെയും ഒരു അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂള്‍ മാനേജ്മെന്‍റിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി നാല് ദിവസങ്ങള്‍ ശേഷമാണ് അറസ്റ്റ്.

കര്‍ണാടകയിലെ ബിദറിലെ ഷഹീന്‍ എജുക്കേഷന്‍ ട്രസ്റ്റിന്‍റെ സ്കൂളിലെ ഹെഡ്‍മിസ്ട്രസിന്‍റെ ചുമതലയുള്ള ഫരീദ ബീഗം പ്രധാനമന്ത്രിയെ അടിക്കണമെന്നുള്ള ഡയലോഗ് പറഞ്ഞ വിദ്യാര്‍ത്ഥിയുടെ അമ്മ അനുജ മിന്‍സ എന്നിവരെയാണ് അറസ്റ്റ് ചെയ്തതതെന്ന് ബിദാര്‍ എസ്‍പി ശ്രീധര പറഞ്ഞു. അത്തരമൊരു നാടകം നടത്തിയതില്‍ ഹെഡ‍്മിസ്ട്രസിന് കൃത്യമായ പങ്കുണ്ടെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു.

അതേസമയം, പ്രധാനമന്ത്രിക്കെതിരായ ഡയലോഗ് പറയുമ്പോള്‍ ധരിക്കാനായി തന്‍റെ ചെരുപ്പ് അനുജ കുട്ടിക്ക് നല്‍കിയതായും ശ്രീധര കൂട്ടിച്ചേര്‍ത്തു. നാടകത്തിന്‍റെ വീഡിയോ ഒരു സമൂഹമാധ്യമത്തില്‍ അപ്‍ലോഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സാമൂഹ്യപ്രവര്‍ത്തകനായ നിലേഷ് രക്ഷ്യാല്‍ സ്കൂളിനെതിരെ പരാതി നല്‍കിയത്.

ഇതോടെ പൊലീസ് എത്തി സ്കൂള്‍ സീല്‍ ചെയ്തു. പ്രധാനമന്ത്രിക്കെതിരായ നാടകം കളിക്കാന്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചുവെന്നാണ് സ്കൂളിനെതിരെ നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്.

പൗരത്വനിയമഭേഗഗതിയും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പിലാക്കിയാല്‍ രാജ്യത്തെ ഒരു വിഭാഗം ജനങ്ങള്‍ ഈ രാജ്യം വിട്ടുപോകേണ്ടി വരുമെന്ന സന്ദേശമാണ് നാടകം നല്‍കുന്നതെന്നും ആരോപിക്കുന്നു.  സര്‍ക്കാര്‍ നയത്തെയും പദ്ധതികളെയും കുറിച്ച് തെറ്റായ സന്ദേശം നല്‍കുന്ന നാടകം സമൂഹമാധ്യമങ്ങളില്‍ വൈറലായ രീതി സമൂഹത്തിലെ സമാധാനം തകര്‍ക്കുന്നതാണെന്നും രക്ഷ്യാല്‍ ആരോപിക്കുന്നു.