വിദേശ രാജ്യങ്ങളിൽ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വിമാനത്താവളങ്ങളിലെ പരിശോധനയ്ക്കുള്ള സൗകര്യം വിലയിരുത്തും.

ദില്ലി : രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച് ചേർത്ത യോഗം വൈകിട്ട് മൂന്നു മണിക്ക്. സംസ്ഥാന ആരോഗ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. വിദേശ രാജ്യങ്ങളിൽ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വിമാനത്താവളങ്ങളിലെ പരിശോധനയ്ക്കുള്ള സൗകര്യം വിലയിരുത്തും. രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ ഇപ്പോഴില്ല. മുൻകരുതലുകൾ സ്വാകരിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു. കൂടുതൽ കേന്ദ്ര നിർദ്ദേശത്തിനായി കാത്തിരിക്കുകയാണെന്നും നിർദ്ദേശങ്ങൾക്കനുസരിച്ച് നടപടികളുമായി മുന്നോട്ട് പോകുമെന്നും ദില്ലി സർക്കാർ അറിയിച്ചു. 

വിദേശരാജ്യങ്ങളിലെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രം ഇതിനോടകം ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര യാത്രക്കാരിൽ ഓരോ വിമാനത്തിലെയും രണ്ട് ശതമാനം പേരെ പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. പല സംസ്ഥാനങ്ങളും മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കി. ക്രിസ്മസ്- ന്യൂഇയർ ആഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താനും സാധ്യതയുണ്ട്. കഴിഞ്ഞദിവസം ചേർന്ന പ്രധാനമന്ത്രിയുടെ കോവിഡ് അവലോക യോഗത്തിൽ പരിശോധനയും ജനിതകശ്രേണിരണവും കൂട്ടാൻ നിർദ്ദേശിച്ചു. 

ഇന്ത്യയിൽ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ല, ഹൈബ്രിഡ് പ്രതിരോധശേഷി കടുത്ത അണുബാധയെ തടയുന്നു; വിദഗ്ധർ

ചൈനയിൽ പടരുന്ന അതിവേഗ വ്യാപന ശേഷിയുള്ള കൊവിഡ് ഒമിക്രോൺ ഉപവകഭേദമായ ബി എഫ്7 ഇന്ത്യയിൽ സ്ഥിരീകരിച്ചതിനു പിന്നാലെ സംസ്ഥാനത്തും ജാഗ്രത. കേന്ദ്രം മുന്നറിയിപ്പ് നൽകിയതോടെ എല്ലാ ജില്ലകൾക്കും ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി. 

മുൻകരുതലുകൾ എന്തൊക്കെ?

എല്ലാ പൊതു ഇടങ്ങളിലും മാസ്ക് ഉപയോഗിക്കണം.
സാമൂഹിക അകലം പാലിക്കണം.
സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസറുകളും ഉപയോഗിച്ച് പതിവായി കൈ കഴുകുക.
വിവാഹം, രാഷ്ട്രീയ സാമൂഹിക യോഗങ്ങൾ തുടങ്ങിയ പൊതുയോഗങ്ങൾ ഒഴിവാക്കണം.
അന്താരാഷ്ട്ര യാത്രകൾ ഒഴിവാക്കുക.
പനി, തൊണ്ടവേദന, ചുമ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ സമീപിക്കുക.
മുൻകരുതൽ ഡോസ് ഉൾപ്പെടെ കൊവിഡ് വാക്സിനേഷൻ എത്രയും വേഗം എടുക്കുക.


YouTube video player